എഡിജിപിയെ മാറ്റിയേ തീരൂ, നിലപാട് കടുപ്പിച്ച് സിപിഐ; ഡിജിപിയുടെ റിപ്പോര്‍ട്ട് വരട്ടെയെന്ന് മുഖ്യമന്ത്രി

Jaihind Webdesk
Wednesday, October 2, 2024

തിരുവനന്തപുരം: സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം മുഖ്യമന്ത്രി പിണറായി വിജയനുമായി നിര്‍ണായക കൂടിക്കാഴ്ച നടത്തി. തിരുവനന്തപുരത്ത് എകെജി സെന്ററിലായിരുന്നു കൂടിക്കാഴ്ച. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും കൂടിക്കാഴ്ചയില്‍ പങ്കെടുത്തു.

എഡിജിപി എം.ആര്‍. അജിത് കുമാറിനെ മാറ്റണമെന്ന് ബിനോയ് വിശ്വം മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു. എന്നാല്‍ അന്വേഷണ റിപ്പോര്‍ട്ട് വന്നശേഷം തീരുമാനമെടുക്കാമെന്നാണ് മുഖ്യമന്ത്രിയുടെ മറുപടി. നാളെ ഡിജിപിയുടെ അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനുള്ള കാലാവധി അവസാനിക്കാനിരിക്കെയാണ് കൂടിക്കാഴ്ച നടന്നത്. നിയമസഭാ സമ്മേളനം ആരംഭിക്കുംമുമ്പ് എഡിജിപിയെ മാറ്റണമെന്നാണ് സിപിഐ നേരത്തെ ആവശ്യപ്പെട്ടത്. വിവാദം ഉയര്‍ന്നതുമുതല്‍ എഡിജിപിയെ മാറ്റണമെന്ന കടുത്ത നിലപാടാണ് സിപിഐ സ്വീകരിക്കുന്നത്.

സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം എഡിജിപിയെ മാറ്റണെന്ന് ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിരുന്നു. എല്‍ഡിഎഫ് യോഗത്തില്‍ സിപിഐക്ക് ഒപ്പം മറ്റ് കക്ഷികളും സമാനമായി എഡിജിപിയെ മാറ്റണമെന്ന് ആവശ്യപ്പെട്ടെങ്കിലും ഫലമുണ്ടായില്ല. എഡിജിപിയെ സംരക്ഷിക്കുന്ന നിലപാടാണ് മുഖ്യമന്ത്രിയും സിപിഎമ്മും സ്വീകരിച്ചത്. എന്നാല്‍ സിപിഐയുടെ വിട്ടുവീഴ്ചയില്ലാത്ത നിലപാട് സിപിഎമ്മിന് തലവേദനയാണ്.