‘എല്ലാം മുഖ്യമന്ത്രിയുടെ അറിവോടെ, ഏജൻസിക്കെതിരെ കേസെടുക്കാൻ ധൈര്യമുണ്ടോ?’, വി.ഡി സതീശൻ; സിപിഎം RSS ന്‍റേ മറ്റൊരു മുഖമെന്ന് പി.കെ. കുഞ്ഞാലിക്കുട്ടി

Jaihind Webdesk
Wednesday, October 2, 2024

 

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ അനുവാദമില്ലാതെയാണ് പിആർ ഏജൻസി അഭിമുഖത്തിൽ വിവാദ ഭാഗം ചേർത്തതെങ്കിൽ കേസെടുക്കാൻ തയ്യാറാണോ എന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. പിആർ ഏജൻസി ഓഫർ ചെയ്താണ് ഹിന്ദു പത്രം അഭിമുഖത്തിന് തയ്യാറാവുന്നത്. അഭിമുഖ ഭാഗം മുഖ്യമന്ത്രിയുടെ അനുവാദത്തോടെ എഴുതിക്കൊടുത്തതാണ്. അല്ലായെങ്കിൽ ഗുരുതരകുറ്റമാണെന്നും കേസെടുക്കാത്തതെന്തെന്നും പ്രതിപക്ഷം ആഞ്ഞടിച്ചു.

ഏജൻസി മുഖ്യമന്ത്രിക്ക് വേണ്ടിയാണ് അഭിമുഖത്തിന് എത്തിയത്. സ്വർണക്കടത്തിനെ കുറിച്ച് ആദ്യം ആരോപണം ഉന്നയിച്ചത് പ്രതിപക്ഷമാണ്. മുഖ്യമന്ത്രി മനപ്പൂർവമായി ഭിന്നിപ്പുണ്ടാക്കാൻ ശ്രമിച്ചു. അഭിമുഖ സമയത്ത് ആരാണ് കൂടെ നിന്നത് എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം. അവിടെ വന്ന രണ്ടുപേർക്കു മുഖ്യമന്ത്രിയുമായി എന്ത് ബന്ധമാണുള്ളതെന്നും മുഖ്യമന്ത്രി പറയണമെന്നും സതീശന്‍ ആവശ്യപ്പെട്ടു.

ഏജൻസിക്കെതിരെ കേസെടുക്കാൻ ധൈര്യം ഉണ്ടോ?. ഡൽഹിയിലെ ഏമാൻമാരെ സന്തോഷിപ്പിക്കാൻ മുഖ്യമന്ത്രി ശ്രമിക്കുന്നു. സിപിഎമ്മിന്‍റെ രാഷ്ട്രീയ ജീർണ്ണത ഇടതുമുന്നണിയുടെ രാഷ്ട്രീയ ശിഥിലീകരണത്തിന് കാരണമാകുകയാണ്. സിപിഎം പ്രതിപക്ഷത്തായിരുന്നപ്പോൾ ഏതെങ്കിലും ഒരു സമരം ഓർക്കുന്നുണ്ടോയെന്നും സതീശൻ ചോദിച്ചു.

അതേസമയം കേരളത്തിലെ സിപിഎം, ആര്‍എസ്എസിന്‍റെ മറ്റൊരു മുഖമായി മാറുന്നുവെന്നും മുസ്‍ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി ആരോപിച്ചു. മലപ്പുറത്തെ കുറിച്ച് ദേശീയ തലത്തിൽ പിആര്‍ ഏജൻസി നടത്തിയ പ്രചരണം ഗൗരവതരമാണ് . മുഖ്യമന്ത്രി കാര്യങ്ങൾ വിശദീകരിക്കണം. ആഭ്യന്തര വകുപ്പ് പൂർണ പരാജയമാണെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.