എയ്ഡഡ് അധ്യാപകരുടെ ശമ്പളം മുടങ്ങാൻ ഇടയാക്കുന്ന ഉത്തരവ് പിൻവലിക്കുക: എഎച്ച്എസ്ടിഎ

Jaihind Webdesk
Wednesday, October 2, 2024

 

തിരുവനന്തപുരം: എയ്ഡഡ് സ്കൂളുകളുടെ ശമ്പള ബില്ലുകൾ പാസ്സാക്കി നൽകുന്നതിനുള്ള അധികാരം പ്രിൻസിപ്പൽമാരിൽ നിന്നും എടുത്തു മാറ്റിയ ധനകാര്യ വകുപ്പിന്‍റെ ഉത്തരവ് പിൻവലിക്കണമെന്ന് എയ്ഡഡ് ഹയർ സെക്കന്‍ററി ടീച്ചേഴ്സ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു.

സർക്കാർ സ്കൂളുകളിലെ പോലെ എയ്ഡഡ് സ്കൂൾ പ്രിൻസിപ്പൽമാർക്കും സ്പാർക്ക് വഴി ശമ്പളം മാറിയെടുക്കാൻ കഴിയുന്ന ഉത്തരവാണ് റദ്ദാക്കിയിരിക്കുന്നത്. ട്രഷറിയിൽ നിന്നും ശമ്പളം ലഭിക്കുന്നതിന് ശമ്പള ബിൽ വിദ്യാഭ്യാസ ഓഫിസർമാർ കൗണ്ടർ സൈൻ ചെയ്യണമെന്ന ഫിനാൻസ് ഡിപ്പാർട്ട്മെന്‍റിന്‍റെ ഉത്തരവ് എയ്ഡഡ് മേഖലയോടുള്ള വിവേചനമാണ്. എയ്ഡഡ് വിദ്യാലയങ്ങളിൽ സർക്കാരിന്‍റെ അമിതമായ ഇടപെടലുകൾക്ക് അവസരമൊരുക്കുന്നതിനും രാഷ്ട്രീയ താൽപര്യങ്ങൾ സ്ഥാപിച്ചെടുക്കുന്നതിനും വേണ്ടിയാണ് പുതിയ ഉത്തരവ് എന്ന് സംശയിക്കേണ്ടിയിരിക്കുന്നു.

ട്രിഷറികൾ ഡിജറ്റലൈസ് ചെയ്ത് സ്ഥാപന മേധാവികൾക്ക് നേരിട്ട് ശമ്പള ബില്ലുകൾ സമർപ്പിക്കാനുള്ള അനുമതിയും നൽകിയതോടെ സാങ്കേതികമായ നൂലാമാലകൾ ഒഴിവാക്കി അധ്യാപകർക്ക് സമയത്ത് ബില്ലുകൾ മാറിയെടുക്കാൻ ഇതുവരെ സാധിച്ചിരുന്നു. അമിത ജോലിഭാരം ജീവനക്കാരിലും അധ്യാപകരിലും അടിച്ചേൽപ്പിക്കാൻ മാത്രമേ പുതിയ ഉത്തരവിലൂടെ സാധിക്കുകയുള്ളൂ. എയ്ഡഡ് വിദ്യാലയങ്ങളെ തകർക്കാനുള്ള ആസൂത്രിത നീക്കത്തിൽ നിന്നും സർക്കാർ പിൻമാറണമെന്നും, പ്രസ്തുത ഉത്തരവ് അടിയന്തിരമായി പിൻവലിക്കണമെന്നും എഎച്ച്എസ്ടി എ സംസ്ഥാന പ്രസിഡന്‍റ് ആർ. അരുൺകുമാർ ആവശ്യപ്പെട്ടു.