‘ഞാൻ ഏതെങ്കിലും PR ഏജൻസിയെ കാത്ത് നിൽക്കുന്നോ?, എനിക്കോ പിആര്‍ ഏജന്‍സി’; പൊളിഞ്ഞത് മുഖ്യമന്ത്രിയുടെ അവകാശവാദം

Jaihind Webdesk
Tuesday, October 1, 2024

 

തിരുവനന്തപുരം: “നിങ്ങള്‍ ചോദ്യം ചോദിക്കുമ്പോള്‍ ഞാന്‍ പിആര്‍ ഏജന്‍സിയെ ബന്ധപ്പെടേണ്ടേ?. എന്‍റെ ചെവിയില്‍ നിങ്ങളുടെ ചെവിയില്‍ വയ്ക്കുന്ന പോലുള്ള സാധനമൊന്നുമില്ല. ഞാന്‍ ഫ്രീയായി നില്‍ക്കുകയല്ലേ. നിങ്ങളും ഫ്രീയായി ചോദിക്കുകയല്ലേ. എന്നെ ഈ നാടിന് അറിയാം. നിങ്ങള്‍ ഇങ്ങനെ ചോദിക്കാന്‍ തയ്യാറാകുന്നതാണ് ദൗര്‍ഭാഗ്യം.” ഇത് പറഞ്ഞത് മാറ്റാരുമല്ല. കേരളത്തിലെ മുഖ്യമന്ത്രി പിണറായി വിജയൻ.

അതെ പിണറായി വിജയന് മുഖം മിനുക്കാന്‍ പിആര്‍ ഏജന്‍സി വേണം എന്ന് ഇന്ന് കേരളത്തിന്‌ വ്യക്തമായിരിക്കുകയാണ്. ‘ദി ഹിന്ദു’വിന് മുഖ്യമന്ത്രി നല്‍കിയ അഭിമുഖത്തോടെ പിആര്‍ ഏജന്‍സിയെ മുഖ്യമന്ത്രി ആശ്രയിക്കുന്നുവെന്ന വസ്തുതയാണ് പുറത്തു വന്നിരിക്കുന്നത്.

സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട മലപ്പുറം പരാമര്‍ശം ‘ഹിന്ദു’വിനോട് പറഞ്ഞില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറി പി.എം.മനോജ്‌ പത്രത്തിന് ഇന്ന് കത്ത് നല്‍കിയത്. ഇതോടെ വിശദീകരണവുമായി ‘ഹിന്ദു’ രംഗത്തെത്തി. മലപ്പുറവുമായി ബന്ധപ്പെട്ട സ്വര്‍ണക്കടത്ത് പരാമര്‍ശം പിആര്‍ ഏജന്‍സിയായ കെയ്സന്‍ കത്ത് നല്‍കിയ പ്രകാരം ഉള്‍പ്പെടുത്തിയതാണെന്ന് ‘ഹിന്ദു’ വാര്‍ത്താകുറിപ്പ് ഇറക്കി. മുഖ്യമന്ത്രിയുടെതല്ലാത്ത പ്രസ്താവന അഭിമുഖത്തില്‍ കൊടുക്കേണ്ടി വന്നതില്‍ ഖേദിക്കുന്നുവെന്നും ക്ഷമാപണക്കുറിപ്പില്‍ വ്യക്തമാക്കി. ‘ഹിന്ദു’ മാപ്പ് പറഞ്ഞെങ്കിലും മറനീക്കിയത് മുഖ്യമന്ത്രിയുടെ പിആര്‍ ഏജന്‍സി ബന്ധമാണ്.

പണ്ട് പിആര്‍ ഏജന്‍സിയെക്കുറിച്ച് മാധ്യമങ്ങള്‍ ചോദിച്ചപ്പോള്‍ ആവര്‍ത്തിച്ച് നിഷേധിച്ച മുഖ്യമന്ത്രിയാണ് പിണറായി വിജയന്‍. സിപിഎമ്മിനും സര്‍ക്കാരിനുമെതിരെ വരുന്ന കള്ളക്കഥകള്‍ക്ക് പിന്നില്‍ കോണ്‍ഗ്രസും അവരുടെ പിആര്‍ ഏജന്‍സിയുമാണെന്നാണ് കഴിഞ്ഞ ഒക്ടോബറിലും മുഖ്യമന്ത്രി ആരോപിച്ചത്. എന്നാല്‍ തന്‍റെ സര്‍ക്കാര്‍ പിആര്‍ ഏജന്‍സിയെ ആശ്രയിക്കുന്നുവെന്ന് അദ്ദേഹം നിഷേധിക്കുകയും ചെയ്തു.

കോവിഡ് കാലത്താണ് മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനത്തിന് ജനം കാത്തുനിന്നത്. പക്ഷെ പെട്ടെന്ന് തന്നെ മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനത്തിന് എതിരെ പ്രതിപക്ഷം രംഗത്തെത്തി. മുഖ്യമന്ത്രി പിആര്‍ ഏജന്‍സിയെ ആശ്രയിക്കുന്നുവെന്ന പ്രചാരണം കനത്തപ്പോള്‍ 2020 മേയ് മാസം വാര്‍ത്താസമ്മേളനത്തില്‍ മുഖ്യമന്ത്രി ഈ കാര്യം ആവര്‍ത്തിച്ച് നിഷേധിച്ചു. എന്നാൽ ഇന്ന് അതെ മുഖ്യമന്ത്രി പിആർ ഏജൻസികളെ ആശ്രയിക്കുന്ന കാഴ്ചയാണ് കേരളം കാണുന്നത്.