‘ദ ഹിന്ദു’ പത്രത്തിലെ അഭിമുഖം ബിജെപി-ആര്‍എസ്എസ് മേശപ്പുറത്തെത്തും, അതിനാണ് മുഖ്യമന്ത്രി ഇംഗ്ലീഷ് ദിനപത്രത്തിന് അഭിമുഖം നല്‍കിയത്; പി.വി അന്‍വര്‍

Jaihind Webdesk
Tuesday, October 1, 2024

മലപ്പുറം: മുഖ്യമന്ത്രിയുടെ നിലപാട് മാറ്റമാണ് ഹിന്ദു ദിനപത്രത്തിന് നല്‍കിയ അഭിമുഖത്തിന്റെ അടിസ്ഥാനമെന്ന് പി വി അന്‍വര്‍ എംഎല്‍എ. ഇംഗ്ലീഷ് പത്രത്തിന് അഭിമുഖം നല്‍കിയാല്‍ അത് ബിജെപി-ആര്‍എസ്എസ് നേതൃത്വത്തിന്റെ മേശ പുറത്ത് എത്തും. പിണറായിയുടെ നിലപാട് മാറ്റം അവര്‍ക്ക് മനസ്സിലാവുമെന്നും മറ്റൊരു രാഷ്ട്രീയ ലക്ഷ്യവും ഇതിന്റെ പിന്നില്‍ ഇല്ലെന്നും പി വി അന്‍വര്‍ എംഎല്‍എ മലപ്പുറത്ത് പറഞ്ഞു.

‘മുസ്ലിംവിരോധം പരസ്യമായി പറയുന്നതിന്റെ ഭാഗമായാണ് ഹിന്ദു ദിനപത്രത്തിന് മുഖ്യമന്ത്രി അഭിമുഖം നല്‍കിയത്. പിണറായിയുടെ നിലപാട് മാറിയെന്ന് ബിജെപി,ആര്‍എസ്എസ് നേതൃത്വത്തിന് മനസ്സിലാവണം. അതിനപ്പുറത്തേക്ക് ഒരു രാഷ്ട്രീയവുമില്ലെന്ന് പി വി അന്‍വര്‍ പറഞ്ഞു.

മാറുന്ന സിപിഎം സമീപനത്തിന്റെ തുടക്കമാണെന്ന് അടിവരയിട്ട് പറയാന്‍ കഴിയില്ല. മാറുന്ന പിണറായിയുടെ രീതിയായി കാണണം. ഒന്നൊന്നര വര്‍ഷമായി അതാണ് കാണാന്‍ സാധിക്കുന്നത്. മലപ്പുറം ജില്ല ക്രിമിനലുകളെ നാടാണെന്ന് പറയുക. മലപ്പുറത്ത് 85 ശതമാനം മുസ്ലിങ്ങളാണ്, മുസ്ലിങ്ങള്‍ ക്രിമിനലാണെന്ന വ്യാഖ്യാനം വരുത്താനാണ് മുഖ്യമന്ത്രിയുടെ ശ്രമം.
തനിക്കെതിരെ സിപിഎം നേതാക്കള്‍ അതിരുവിട്ടാല്‍ താന്‍ അതിരിന്റെ അപ്പുറം പോകും . നിലവില്‍ മാന്യമായ പോക്കാണ് നടത്തുന്നത്. പടത്തലവന്മാര്‍ക്കെതിരെ രംഗത്തിറങ്ങുമെന്നും പി വി അന്‍വര്‍ മുന്നറിയിപ്പ് നല്‍കി.