തിരുവനന്തപുരം: സംസ്ഥാനത്തെ ബിജെപി അംഗത്വ വിതരണം പ്രതിസന്ധിയില്‍. ഈ മാസം അംഗത്വ വിതരണ ക്യാമ്പയിന് പൂര്‍ത്തിയാകാനിരിക്കെ നിശ്ചിത ലക്ഷ്യം നേടാനാകാതെ നെട്ടോട്ടമോടുകയാണ് ബിജെപി സംസ്ഥാന നേതൃത്വം.
25 ലക്ഷം മെമ്പര്‍ഷിപ്പ് വിതരണം ചെയ്യാനായിരുന്നു ലക്ഷ്യം. എന്നാല്‍ ഇതിന്റെ പകുതി പോലും നേടാനായില്ല. അംഗത്വ വിതരണ നടപടികളിലെ പോരായ്മകള്‍ പരിഹരിക്കാന്‍ രണ്ടു യോഗങ്ങള്‍ ഇന്നലെ നടത്തി. ജില്ലാ ജനറല്‍ സെക്രട്ടറിമാര്‍ മുതല്‍ സംസ്ഥാന അധ്യക്ഷന്‍ വരെയുള്ള ഭാരവാഹികളുടെ യോഗവും ലോക്സഭാ നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ മത്സരിച്ച ബിജെപി സ്ഥാനാര്‍ത്ഥികളുടെ യോഗവുമാണ് നടത്തിയത്. അതേസമയം മെമ്പര്‍ഷിപ്പ് വിതരണം ഡിജിറ്റലായതാണ് കാലതാമസമുണ്ടാക്കുന്നതെന്നാണ് പല ജില്ലാ കമ്മിറ്റികളും നല്കുന്ന വിശദീകരണം.
നേരത്തെ പുതുച്ചേരിയില്‍ വീട്ടമ്മമാര്‍ക്ക് ധനസഹായം വാഗ്ദാനം ചെയ്ത് മെമ്പര്‍ഷിപ്പ് നല്‍കിയതിനെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു.