പരിസ്ഥിതി പ്രവര്‍ത്തകന്‍ സോനം വാങ്ചുക് ഡല്‍ഹി പൊലീസ് കസ്റ്റഡിയില്‍, അപലപിച്ച് രാഹുല്‍ ഗാന്ധി

Jaihind Webdesk
Tuesday, October 1, 2024

ഡല്‍ഹി: രാജ്യതലസ്ഥാനമായ ഡല്‍ഹിയില്‍ ഒക്ടോബര്‍ അഞ്ച് വരെ നിരോധനാജ്ഞ പ്രഖ്യാപിച്ച് പോലീസ്. ഇത് സംബന്ധിച്ച ഉത്തരവ് ഡല്‍ഹി പോലീസ് കമ്മീഷണര്‍ സഞ്ജയ് അറോറ പുറപ്പെടുവിച്ചു. രഹസ്യാന്വേഷണ ഏജന്‍സികളുടെ റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് നിരോധനാജ്ഞ. ഭാരതീയ ന്യായ് സംഹിതയുടെ 163-ാം വകുപ്പ് പ്രകാരമാണ് പോലീസിന്റെ നടപടി. ഡല്‍ഹി സെന്‍ട്രല്‍, നോര്‍ത്ത് പോലീസ് ജില്ലകള്‍, ഹരിയാണ, ഉത്തര്‍ പ്രദേശ് എന്നീ സംസ്ഥാനങ്ങളുമായി അതിര്‍ത്തി പങ്കിടുന്ന സ്ഥലങ്ങള്‍ എന്നിവിടങ്ങളിലാണ് നിരോധാജ്ഞ. നിരോധനാജ്ഞ ലംഘിക്കുന്നവര്‍ക്ക് എതിരെ ഭാരതീയ ന്യായ് സംഹിതയുടെ 223-ാം വകുപ്പ് പ്രകാരം നടപടിയെടുക്കുമെന്ന് പോലീസ് അറിയിച്ചു.

നിര്‍ദിഷ്ട വഖഫ് ഭേദഗതി ബില്ല്, സദര്‍ ബസാര്‍ മേഖലയിലെ ഷാഹി ഈദ്ഗാഹ് വിഷയം, ഹരിയാണ, ജമ്മു കശ്മീര്‍ നിയമസഭാ തിരഞ്ഞെടുപ്പുകള്‍ എന്നിവയുമായി ബന്ധപ്പെട്ട് ഉണ്ടാകാവുന്ന വിഷയങ്ങള്‍ ആണ് രഹസ്യാന്വേഷണ ഏജന്‍സികള്‍ കൈമാറിയ റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചിരിക്കുന്നത് എന്നാണ് സൂചന.

അതെ സമയം ലഡാക്കിലെ പരിസ്ഥിതി പ്രവര്‍ത്തകന്‍ സോനം വാങ്ചുകിനെ ഡല്‍ഹി അതിര്‍ത്തിയില്‍ നിന്ന് പോലീസ് കസ്റ്റഡിയില്‍ എടുത്തു. സിംഗു അതിര്‍ത്തിയില്‍ നിന്നാണ് സോനം വാങ്ചുകിനെയും 120-ഓളം പേരെയും കസ്റ്റഡിയില്‍ എടുത്തത്. ഗാന്ധി സമാധിയിലേക്ക് മാര്‍ച്ച് നടത്തുകയായിരുന്ന സോനം വാങ്ചുകും അനുയായികളും. സോനം വാങ്ചുകിനെ കസ്റ്റഡിയില്‍ എടുത്ത ഡല്‍ഹി പോലീസ് നടപടിയെ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി അപലപിച്ചു. പോലീസിന്റേത് തികച്ചും അസ്വീകാര്യമായ നടപടി ആണെന്ന് രാഹുല്‍ അഭിപ്രായപ്പെട്ടു.