‘ആ മുസ്‌ലിം തീവ്രവാദികൾ ആരൊക്കെ? സ്വര്‍ണം കൊണ്ടുവന്നത് ആര്‍ക്കു വേണ്ടി? അന്വേഷിച്ചു കണ്ടുപിടിക്കാൻ കേരള പോലീസിനായിട്ടുണ്ടോ?’; മുഖ്യമന്ത്രിയ്ക്ക് നേരെ ചോദ്യങ്ങളുമായി വി.ടി ബൽറാം

Jaihind Webdesk
Monday, September 30, 2024

 

കോഴിക്കോട്: മലപ്പുറത്ത് വലിയ തോതിൽ സ്വർണക്കടത്തും ഹവാല ഇടപാടും നടക്കുന്നുവെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവനയിൽ പ്രതികരിച്ച് കോൺഗ്രസ് നേതാവ് വി.ടി ബൽറാം. പിടിച്ചെടുത്ത സ്വർണം ആർക്കു വേണ്ടിയാണു കൊണ്ടുവന്നതെന്ന് അന്വേഷിച്ചു കണ്ടുപിടിക്കാൻ കേരള പോലീസിനായിട്ടുണ്ടോ എന്ന് ബൽറാം ചോദിച്ചു. സംസ്ഥാന സർക്കാർ നടപടി സ്വീകരിച്ചുവെന്നു പറയുന്ന മുസ്‌ലിം തീവ്രവാദികൾ ആരാണെന്നും ഇവരുടെ തീവ്രവാദ പ്രവർത്തനം എന്തൊക്കെയാണെന്നും മുഖ്യമന്ത്രി വെളിപ്പെടുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

കഴിഞ്ഞ അഞ്ചു വർഷത്തിനുള്ളിൽ 150 കിലോ സ്വർണവും 123 കോടിയുടെ ഹവാല പണവും മലപ്പുറം ജില്ലയിൽനിന്നു മാത്രം പിടിച്ചെടുത്തെന്നും ഇതു രാജ്യവിരുദ്ധ പ്രവർത്തനത്തിനായാണ് ഉപയോഗിക്കുന്നതെന്നും മുഖ്യമന്ത്രി ആരോപിച്ചിരുന്നു.  പിടിച്ചെടുത്ത സ്വർണം ഭൂരിഭാഗവും പോലീസ് തന്നെ അടിച്ചുമാറ്റി ബാക്കിയുള്ളത് മാത്രമേ കണക്കിൽ കാണിക്കുന്നുള്ളൂവെന്നാണ് ആക്ഷേപമുയരുന്നതെന്ന് ഫേസ്ബുക്ക് കുറിപ്പിൽ ബൽറാം ചൂണ്ടിക്കാട്ടി.

പിടിയിലായ പ്രതികളെ കേന്ദ്രീകരിച്ച് ശരിയായ തുടരന്വേഷണം നടത്തി കള്ളക്കടത്തിന്‍റെ യഥാർത്ഥ ഗുണഭോക്താക്കളിലേക്ക് എത്തുന്നതിൽ പോലീസ് പരാജയപ്പെടുന്നതുകൊണ്ടാണ് ഇതു ജനങ്ങൾ വിശ്വസിക്കുന്നത്. പിടിച്ചെന്നു പറയുന്ന ഏതെങ്കിലും ഒരു കേസിൽ ഈ സ്വർണം ആർക്ക് വേണ്ടിയാണ് കൊണ്ടുവന്നത് എന്ന് അന്വേഷിച്ചു കണ്ടുപിടിക്കാൻ കേരളാ പോലീസിന് കഴിഞ്ഞിട്ടുണ്ടോ? ഇത്രയധികം പിടിച്ചിട്ടും ഒരു കേസിൽ പോലും യഥാർത്ഥ പ്രതികളിലേക്ക് അന്വേഷണം നീളാത്തതെന്തുകൊണ്ടാണെന്നും വിവിധ കേസുകളിൽ കേന്ദ്ര ഏജൻസികൾ നടത്തുന്ന അന്വേഷണം പോലും ഇടയ്ക്കു വച്ച് വഴിമാറുന്നത് എന്തുകൊണ്ടാണെന്നും വി.ടി ബൽറാം ചോദിച്ചു.

 

വി.ടി ബൽറാമിന്‍റെ ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂർണരൂപം;

?മുഖ്യമന്ത്രിയുടെ വിലാപത്തിന്റെ അടിസ്ഥാനമെന്താണ്? കഴിഞ്ഞ എട്ടു വർഷത്തിനുള്ളിൽ ഇങ്ങനെ എത്ര ‘Muslim extremist elements ‘നെതിരെ പിണറായി വിജയൻ നടപടി സ്വീകരിച്ചിട്ടുണ്ട്? ആരൊക്കെയാണ് ആ തീവ്രവാദികൾ? എന്തെല്ലാമാണ് അവരുടെ തീവ്രവാദ പ്രവർത്തനം? പേര് സഹിതം പിണറായി വിജയന് കേരളത്തിലെ ജനങ്ങളെ ബോധ്യപ്പെടുത്താമോ?

? ഇതിൽ ഏതെങ്കിലും ഒരു കേസിൽ ഈ സ്വർണം ആർക്ക് വേണ്ടിയാണ് കൊണ്ടുവന്നത് എന്ന് അന്വേഷിച്ചു കണ്ടുപിടിക്കാൻ കേരളാ പൊലീസിന് കഴിഞ്ഞിട്ടുണ്ടോ? ഒന്നോ രണ്ടോ കേസിലാണെങ്കിൽ പ്രതികൾ സഹകരിച്ചില്ല എന്ന് പറയാം. പക്ഷേ ഇത്രയധികം കേസ് പിടിച്ചിട്ടും ഒരു കേസിലും യഥാർഥ പ്രതികളിലേക്ക് അന്വേഷണം നീളാത്തതെന്തേ?

?പിടിച്ചെടുത്ത സ്വർണ്ണം ഭൂരിഭാഗവും പൊലീസ് തന്നെ അടിച്ചുമാറ്റി ബാക്കിയുള്ളത് മാത്രമേ കണക്കിൽ കാണിക്കുന്നുള്ളൂ എന്നതാണല്ലോ ഉയർന്നുവന്നിട്ടുള്ള ആക്ഷേപം. ഇത് ജനങ്ങൾ വിശ്വസിക്കുന്നത് പൊലീസ് പിടിയിലായ പ്രതികളെ കേന്ദ്രീകരിച്ച് ശരിയായ തുടരന്വേഷണം നടത്തി കള്ളക്കടത്തിന്റെ യഥാർഥ ഗുണഭോക്താക്കളിലേക്ക് എത്തുന്നതിൽ പരാജയപ്പെടുന്നതുകൊണ്ടല്ലേ?