ശോഭാ സുരേന്ദ്രൻ സിപിഎമ്മിന്‍റെ വക്താവോ? അൻവറിന്‍റെ വാക്കുകൾക്ക് ഇത്രയും പ്രാധാന്യം കൊടുക്കണമോ എന്ന് ബിജെപി നേതാവ്

Jaihind Webdesk
Monday, September 30, 2024

 

തിരുവനന്തപുരം: നിലമ്പൂർ എംഎൽഎ പി.വി. അൻവറിനെതിരെ ബിജെപി നേതാവ് ശോഭ സുരേന്ദ്രൻ. കള്ളക്കടത്ത് സംഘത്തിലെ സ്വത്ത്‌ വിഭജന തർക്കത്തിന്‍റെ ബാക്കിയാണ് ഇപ്പോൾ കാണുന്നതെന്ന് ശോഭാ സുരേന്ദ്രൻ ആരോപിച്ചു. ‘അൻവർ ചെറിയ മീനല്ല. വെട്ടിപ്പും തട്ടിപ്പും നടത്തിയ അൻവറിന്‍റെ വാക്കുകൾക്ക് ഇത്രയും പ്രാധാന്യം കൊടുക്കേണ്ടതാണോ എന്ന് ചിന്തിക്കേണ്ടതുണ്ടെന്നും ശോഭാ സുരേന്ദ്രൻ കൊച്ചിയിൽ പറഞ്ഞു.

അടുത്ത തിരഞ്ഞെടുപ്പിൽ ബിജെപിക്ക് കിട്ടാനുള്ള വലിയ വിജയം തട്ടിയെടുക്കാനാണ് ശ്രമിക്കുന്നത്. അൻവറിനെ ബിജെപി സ്വാഗതം ചെയ്യുമോ എന്ന ചോദ്യത്തിന് പ്രസക്തിയില്ലെന്നും ശോഭ സുരേന്ദ്രൻ പറഞ്ഞു. വിഷയങ്ങളിൽ കേന്ദ്ര ഏജൻസികൾ അന്വേഷണം നടത്തണം. സത്യം പുറത്ത് വരട്ടെ. അൻവറിനെതിരെ കേന്ദ്ര ഏജൻസികളുടെ അന്വേഷണം ആവശ്യപ്പെട്ട് പാർട്ടിയും താനും പരാതി നൽകിയിട്ടുണ്ടെന്നും ശോഭാ സുരേന്ദ്രൻ പറഞ്ഞു.

പി.വി. അൻവറിനെതിരെ കേരളത്തിലെ സിപിഎം നേതാക്കൾ ഉന്നയിക്കുന്ന അതേ ആരോപണമാണ് ബിജെപി നേതാവ് ശോഭാ സുരേന്ദ്രൻ ഉന്നയിക്കുന്നത്. എഡിജിപി എം.ആർ. അജിത് കുമാറിന്‍റെ ആർഎസ്എസ് ബന്ധം സിപിഎം തള്ളുമ്പോൾ അതേക്കുറിച്ചുള്ള ചോദ്യങ്ങളിൽ നിന്നും ഒഴിഞ്ഞുമാറുന്നു ശോഭ. മുഖ്യമന്ത്രിക്കെതിരെയും സംസ്ഥാന സർക്കാരിനെതിരെയും ഗുരുതര ആരോപണങ്ങൾ പി.വി അൻവർ എംഎൽഎ ഉന്നയിക്കുമ്പോൾ എന്തുകൊണ്ടാണ് സിപിഎമ്മിന് പ്രതിരോധം തീർക്കാൻ ഒരു ബിജെപി നേതാവ് രംഗത്ത് വരുന്നത് എന്നതാണ് ഉയരുന്ന പ്രധാന ചോദ്യം. അൻവറിനെതിരെ കേന്ദ്ര അന്വേഷണ ഏജൻസികൾ അന്വേഷിക്കട്ടെ എന്നാണ് ശോഭാ സുരേന്ദ്രന്‍റെ നിലപാട്. അതേസമയം തങ്ങൾക്കെതിരെ ആരോപണം ഉന്നയിച്ച അൻവറിനെ പൂട്ടാൻ സംസ്ഥാന സർക്കാരും തുനിഞ്ഞിറങ്ങുകയാണ്. ചുരുക്കത്തിൽ പ്രതിപക്ഷം പറയുന്നതുപോലെ ബിജെപി – സിപിഎം അന്തർധാരയുടെ ഭാഗമായിട്ടാണോ ഈ പ്രസ്താവനകൾ എന്നാണ് പൊതുസമൂഹം ചോദിക്കുന്നത്.