2025 ഐപിഎലില്‍ അടിമുടി മാറ്റം. ആറു താരങ്ങളെ നിലനിര്‍ത്താം, ധോണിയെ അണ്‍ക്യാപ്ഡ് താരമായി ഉള്‍പ്പെടുത്താം

Jaihind Webdesk
Sunday, September 29, 2024

മുംബൈ: ഐപിഎല്‍ മെഗാ താരലേലത്തിന് മുന്‍പ് ഓരോ ടീമിനും ആറുപേരെ നിലനിര്‍ത്താമെന്ന സുപ്രധാന പ്രഖ്യാപനവുമായി ഐ.പി.എല്‍ ഗവേണിങ് കൗണ്‍സില്‍. പരമാവധി അഞ്ച് അന്താരാഷ്ട്ര താരങ്ങളെയും രണ്ട് ആഭ്യന്തര കളിക്കാരെയും നിലനിര്‍ത്താനാകും. വിദേശതാരങ്ങള്‍ ഉള്‍പ്പെടെയാണ് അഞ്ച് അന്താരാഷ്ട്ര താരങ്ങള്‍.

നിലനിര്‍ത്തുന്ന അഞ്ച് താരങ്ങളില്‍ ആദ്യത്തെ താരത്തിന് 18 കോടി, രണ്ടാമത്തെ താരത്തിന് 14 കോടി, മൂന്നാമത്തെ താരത്തിന് 11 കോടി എന്നിങ്ങനെയായിരിക്കും പ്രതിഫലം ലഭിക്കുക. നിലനിര്‍ത്തുന്ന നാലാമത്തെ താരത്തിന് 18 കോടിയും അഞ്ചാമത്തെ താരത്തിന് 15 കോടിയും പ്രതിഫലം നല്‍കണം. ആറ് താരങ്ങളെ നിലനിര്‍ത്തിയാല്‍ പരമാവധി അഞ്ച്പേര്‍ മാത്രമെ ക്യാപ്ഡ് താരങ്ങള്‍ ആകാവു. അണ്‍ക്യാപ്ഡ് താരത്തിന്റെ പരമാവധി താരമൂല്യം നാലു കോടിയായിരിക്കും.

കഴിഞ്ഞ അഞ്ച് വര്‍ഷമായി ഒരു അന്താരാഷ്ട്ര മത്സരവും കളിക്കാത്ത എല്ലാ ഇന്ത്യന്‍ താരങ്ങളെയും അണ്‍ക്യാപ്ഡ് പ്ലെയറായി കണക്കാക്കാനും ബി.സി.സി.ഐ തീരുമാനിച്ചു. ഇതോടെ ചെന്നൈ സൂപ്പര്‍ കിങ്സിന് അണ്‍ക്യാപ്ഡ് പ്ലെയറായി എം.എസ് ധോണിയെ നിലനിര്‍ത്താനാകും. 2019ലെ ഏകദിന ലോകകപ്പ് സെമി ഫൈനലിലാണ് ധോണി അവസാനമായി ഇന്ത്യക്കായി കളിച്ചത്.