ഡല്‍ഹി: നടന് സിദ്ദിഖിനെതിരായ ബലാത്സംഗ കേസിലെ അന്വേഷണ ഉദ്യോഗസ്ഥയായ എസ്പി മെറിന് ജോസഫ് ഡല്‍ഹിയിലെത്തി അഭിഭാഷകരുമായി കൂടിക്കാഴ്ച നടത്തി. സര്‍ക്കാരിന് വേണ്ടി ഹാജരാകുന്ന ഐശ്വര്യ ഭാട്ടി അടക്കമുള്ളവരെയാണ് എസ്പി കണ്ടത്.
നാളെ സുപ്രീം കോടതിയില്‍ ഉന്നയിക്കേണ്ട വാദങ്ങള്‍ക്ക് ഈ കൂടിക്കാഴ്ചയില്‍ അന്തിമരൂപമാകും. കോടതി ജാമ്യാപേക്ഷ പരിഗണിക്കുമ്പോള്‍ സിദ്ദിഖിനെതിരെ തിരുവനന്തപുരം മ്യൂസിയം പോലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്ന കേസിലെ ഇതുവരെയുള്ള അന്വേഷണ പുരോഗതി സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിച്ചേക്കും. കേസില്‍ അതിജീവിതയുടെയും സാക്ഷികളുടെയും മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്.
തിരുവനതപുരം മസ്കറ്റ് ഹോട്ടലില്‍വെച്ച് ബലാത്സംഗം നടന്നുവെന്നാണ് മൊഴി. സിദ്ദിഖിനെതിരെ ബലാത്സംഗക്കുറ്റം നിലനില്‍ക്കുമെന്നാണ് ഇതുവരെയുള്ള അന്വേഷണത്തില്‍ വ്യക്തമായതെന്നും സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിക്കും.