തൃശൂര്‍: തിരഞ്ഞെടുപ്പില്‍ ബിജെപിയെ ജയിപ്പിക്കാനായി പിണറായി വിജയന്‍റെ നിര്‍ദേശാനുസരണമാണ് പൂരം കലക്കിയതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. മന്ത്രിമാരോട് സ്ഥലത്ത് പോകണ്ടെന്ന് പറഞ്ഞ അതേ പോലീസ്, സേവാ ഭാരതിയുടെ ആംബുലന്‍സില്‍ ബിജെപി സ്ഥാനാര്‍ത്ഥിയെ എഴുന്നള്ളിച്ചെന്നും ആര്‍എസ്എസ് നേതാവ് വത്സന്‍ തില്ലങ്കേരിക്കും ഈ എസ്‌കോര്‍ട്ട് നല്‍കിയെന്നും സതീശന്‍ പറഞ്ഞു. പൂരം കലക്കിയതിനെതിരെ തേക്കിൻകാട് മൈതാനിയിൽ കോൺഗ്രസ് സംഘടിപ്പിച്ച പ്രതിഷേധ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു സതീശൻ.
പൂരം കാണാന്‍ വന്ന പൂരപ്രേമികളെ എത്ര സ്ഥലത്ത് പോലീസ് ലാത്തിച്ചാര്‍ജ്ജ് ചെയ്തു. രാത്രി ഒമ്പത് മണിക്ക് പ്രധാനപ്പെട്ട പ്രവേശന വഴികളെല്ലാം അടച്ചു. ദേവസ്വം ഭാരവാഹികളെ ഉള്‍പ്പെടെയുള്ള ആളുകളെ പോലീസ് തള്ളിനീക്കി. ആളുകളെ പ്രകോപിപ്പിക്കാന്‍ പച്ചത്തെറിയാണ് പറഞ്ഞത്. ആനയ്ക്ക് പട്ടകൊടുക്കാന്‍ പോലും പോലീസ് സമ്മതിച്ചില്ല. ഇത് പൂരം കലക്കാനുള്ള പ്ലാനിന്‍റെ ഭാഗമായിരുന്നെന്നും സതീശന്‍ പറഞ്ഞു.
മുഖ്യമന്ത്രി പിണറായി വിജയന്‍റെ അനുവാദത്തോടെ പൂരം കലക്കാൻ എത്തിയ അജിത് കുമാർ പൂര സ്ഥലത്തുണ്ടായിരുന്നു. തന്‍റെ പ്ലാൻ നടപ്പാക്കുന്നുണ്ടോ എന്ന് മാത്രമാണ് അജിത്ത്കുമാർ അവിടെ നിരീക്ഷിച്ചതെന്നും സതീശന്‍ പറഞ്ഞു. സ്ഥാനാര്‍ഥികളായ കെ. മുരളീധരനും വി.എസ് സുനില്‍കുമാറും വൈകുന്നേരംവരെ അവിടെ ഉണ്ടായിരുന്നു. അപ്പോഴൊന്നും മറ്റേ സ്ഥാനാര്‍ഥി ഉണ്ടായിരുന്നില്ല. പതിനൊന്നുമണി കഴിഞ്ഞപ്പോള്‍ മന്ത്രിമാരോട് സ്ഥലത്ത് പോകണ്ടെന്ന് പറഞ്ഞ അതേ പോലീസ് സേവാ ഭാരതിയുടെ ആംബുലന്‍സില്‍ ബിജെപിയുടെ സ്ഥാനാര്‍ഥിയെ എഴുന്നള്ളിക്കുകയാണ്. ബിജെപി സ്ഥാനാര്‍ഥിക്കുവേണ്ടി മാത്രമല്ല കേരളത്തിലെ പ്രമുഖനായ ആര്‍എസ്എസ് നേതാവ് വത്സന്‍ തില്ലങ്കേരിക്കും ഈ എസ്‌കോര്‍ട്ട് പോലീസ് നല്‍കിയെന്നും സതീശന്‍ പറഞ്ഞു.
പൂരം കലക്കുന്ന കാര്യം മുഖ്യമന്ത്രി അറിഞ്ഞില്ല എന്നുപറഞ്ഞാൽ വിശ്വസിക്കാൻ കഴിയില്ല. മുഖ്യമന്ത്രിയെ അങ്കിൾ എന്നാണ് അജിത്ത് കുമാർ വിളിക്കുന്നത്. പിണറായി വിജയന്‍റെ നിർദ്ദേശാനുസരണമാണ് പൂരം കലക്കിയത്. എപ്പോള്‍ ഉറങ്ങണമെന്നും എഴുന്നേല്‍ക്കണമെന്നും കൃത്യമായ ചിട്ടയുള്ളയാളാണ് പിണറായി. അങ്ങനെയുള്ള പിണറായി പൂരം പോലീസിടപ്പെട്ട് കലക്കുമ്പോള്‍ അറിഞ്ഞില്ലെന്ന് പറഞ്ഞാല്‍ ആര് വിശ്വസിക്കും. ഏതെങ്കിലും അന്തം കമ്മി വിശ്വസിക്കുമോ, സതീശന്‍ ചോദിച്ചു.
ബിജെപിയെ വിജയിപ്പിക്കാൻ രാജ്യത്ത് സംഘപരിവാർ പരീക്ഷിച്ച് വിജയിച്ച ഫോർമാറ്റ് ആണ് പൂരത്തിൽ നടപ്പാക്കിയത്. ഹോസബളലയെ എഡിജിപി കണ്ടത് പിണറായി വിജയന്‍റെ നിർദ്ദേശപ്രകാരമാണ്. മുഖ്യമന്ത്രി കുടുംബതെ രക്ഷിക്കാൻ വേണ്ടി തൃശൂർ സീറ്റ് ബിജെപിക്കു വെള്ളിതളികയിൽ വച്ച് കൈമാറിയെന്നും മുഖ്യമന്ത്രി പിണറായി വിജയൻ രാജിവെക്കണമെന്നും സതീശൻ ആവശ്യപ്പെട്ടു.