നെഹ്റു ട്രോഫി വള്ളംകളി; ജലരാജാവായി കാരിച്ചാൽ ചുണ്ടൻ

Jaihind Webdesk
Saturday, September 28, 2024

 

ആലപ്പുഴ: എഴുപതാമത് നെഹ്റു ട്രോഫി പള്ളാത്തുരുത്തി ബോട്ട് ക്ലബിന്‍റെ കാരിച്ചാൽ ചുണ്ടന്. ഫൈനലിൽ വില്ലേജ് ബോട്ട് ക്ലബ്ബിന്‍റെ വിയപുരം , നിരണം ബോട്ട് ക്ലബ്ബിന്‍റെ നിരണം ചുണ്ടൻ, കുമരകം ബോട്ട് ക്ലബ്ബിന്‍റെ നടുഭാഗം ചുണ്ടൻ വള്ളങ്ങളെ മറികടന്നാണ് കാരിച്ചാലിന്‍റെ വിജയം. 19 ചുണ്ടൻ വള്ളങ്ങൾ അടക്കം 72 കളിവള്ളങ്ങൾ മാറ്റുരച്ച മത്സരത്തിലെ ഫൈനല്‍ ജലരാജാവായ കാരിച്ചാൽ ചുണ്ടന്‍റെ കയ്യില്‍ ഭദ്രം.

ഹീറ്റ്സ് മത്സരങ്ങളിൽ റെക്കോഡ് സമയം കുറിച്ചാണ് കാരിച്ചാൽ ചുണ്ടൻ ഒന്നാമതെത്തിയത്. നെഹ്റു ട്രോഫി വള്ളംകളിയുടെ ചരിത്രത്തിലെ മികച്ച സമയമാണ് ഹീറ്റ്സിൽ പിബിസി ഫൈനൽ യോഗ്യത ഉറപ്പിച്ചത്. 4.14.35 മിനിറ്റിലായിരുന്നു ഫിനിഷിങ്.  കാരിച്ചാലോ വീയപുരമോ എന്ന് മനസ്സിലാകാത്ത വിധമാണ് മത്സരം അവസാനിച്ചത്. അഞ്ചാം തവണയും ട്രോഫി നേടി പിബിസി ചരിത്രം കുറിക്കുക കൂടിയാണ് ചെയ്തിരിക്കുന്നത്.

5 ഹീറ്റ്സ് മത്സരങ്ങളിലായി 19 ചുണ്ടൻ വള്ളങ്ങളാണ് പങ്കെടുത്തത്. ഒന്നാം ഹീറ്റ്സ് മത്സരത്തിൽ കൊല്ലം ജീസസ് ക്ലബ് തുഴഞ്ഞ ആനാരി ചുണ്ടൻ ജേതാക്കളായി. രണ്ടാം ഹീറ്റ്സിൽ പുന്നമട ബോട്ട് ക്ലബ്ബിന്‍റെ ചമ്പക്കുളം ചുണ്ടനും മൂന്നാം ഹീറ്റ്സിൽ യുബിസി കൈനകരിയുടെ തലവടി ചുണ്ടനും ജേതാക്കളായി. നാലാം ഹീറ്റ്സിൽ വിബിസി കൈനകരിയുടെ വിയപുരം ചുണ്ടൻ ഒന്നാമതെത്തി. ഹീറ്റ്സ് അഞ്ചിൽ കാരിച്ചാൽ ചുണ്ടനും ഒന്നാമതെത്തി.