സർക്കാർ പ്രതിക്കൂട്ടിൽ; ‘മുഖ്യമന്ത്രി ചോദ്യങ്ങളിൽ നിന്നും ഒഴിഞ്ഞുമാറുന്നു, ഭരണ പരാജയം മറച്ചു വെക്കാൻ ശ്രമം; വി.ഡി. സതീശന്‍

Jaihind Webdesk
Friday, September 27, 2024

 

കോഴിക്കോട്: പി.വി. അന്‍വറിന്‍റെ വിമര്‍ശനങ്ങളുമായി ബന്ധപ്പെട്ട വിഷയത്തില്‍ മുഖ്യമന്ത്രി ചോദ്യങ്ങളില്‍നിന്ന് ഒഴിഞ്ഞുമാറിയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. സര്‍ക്കാര്‍ പ്രതിക്കൂട്ടിലാണെന്നും മുഖ്യമന്ത്രിയുടെ ഓഫീസില്‍ ഉപജാപക സംഘമുണ്ടെന്നും അദ്ദേഹം ആരോപിച്ചു. എഡിജിപി എം.ആര്‍. അജിത്കുമാര്‍, ആര്‍എസ്എസ് നേതാക്കളെ കണ്ടത് യുഡിഎഫാണ് പുറത്ത് കൊണ്ടുവന്നതെന്നും സതീശന്‍ പറഞ്ഞു. പ്രതിപക്ഷം ഉയര്‍ത്തിയത് അടിവരയിടുകയാണ് അന്‍വര്‍ ചെയ്തതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പ്രതിപക്ഷം പറഞ്ഞത് ശരിയാണെന്നു അടിവരയിടുകയാണ്. പൂരം കലക്കൻ ഉദ്യോഗസ്ഥരെ അങ്ങോട്ട് വിടുകയായിരുന്നു എന്നു ഞങ്ങൾ പറഞ്ഞതാണ്. ഭരണ പരാജയമാണ്. അത് മറച്ചു വെക്കാൻ സർക്കാർ ശ്രമിക്കുന്നു. സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധിരൂക്ഷമാണ്. ചെക്ക് മാറുന്നില്ല. എല്ലാ മേഖലയും തകർന്നു. ആരോഗ്യ, കെഎസ്ഇബി മേഖലകളെല്ലാം തകർന്നു. ഭരണ പരാജയത്തിന്‍റെ പേരിലും ഗുരുതര ആരോപണങ്ങൾ ഉയർന്നതിന്‍റെ പേരിലും മുഖ്യമന്ത്രി രാജി വെക്കണം. ഇതിനായി നാളെ മുതൽ സമരം തുടങ്ങുകയാണ്. സമരം പരമ്പരകൾ നടത്തും. നാളെ വൈകിട്ട് പ്രാദേശിക അടിസ്ഥാനത്തിൽ സമരം നടത്തുംമെന്നും സതീശൻ പറഞ്ഞു. അടുത്ത മാസം 8നു യുഡിഎഫ് സെക്രട്ടറിയേറ്റിനു മുന്നിൽ സമരം നടത്തും. 13നു ജില്ലാ കേന്ദ്രങ്ങളിലും സമരം നടത്തും.

അന്‍വറിന് പിന്നില്‍ സിപിഎമ്മുകാര്‍ തന്നെയാണ്. പി.വി അന്‍വര്‍ ഇതിലും വലുത് പറയും എന്ന് പാര്‍ട്ടി നേതാക്കള്‍ക്ക് ഭയം ഉണ്ട്. വ്യക്തിപരമായി അന്‍വറിന് പിന്തുണ നല്‍കുന്ന കാര്യം പരിഗണിച്ചിട്ടില്ല. ഇപ്പോള്‍ അദ്ദേഹം എല്‍ഡിഎഫ്  അംഗമാണെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. അതേസമയം അജിത് കുമാറിനെ മുഖ്യമന്ത്രി ആര്‍എസ്എസ് നേതാക്കളെ കാണാന്‍ വിട്ടത് തൃശൂരില്‍ സഹായം വാഗ്ദാനം നല്‍കാനാണ്. ഈ കൂടിക്കാഴ്ചയില്‍ ഇന്‍റലിജന്‍സ് റിപ്പോര്‍ട്ട് ഉണ്ടായിട്ടും അദ്ദേഹം ചെറുവിരല്‍ അനക്കിയില്ലെന്നും സതീശന്‍ കുറ്റപ്പെടുത്തി.