‘കേരളത്തിലെ റോഡുകൾ സ്വർഗ്ഗമാണെന്ന് മുഖ്യമന്ത്രി, സഞ്ചാരം ആകാശത്തിലൂടെആണോയെന്ന്’; പ്രതിപക്ഷ നേതാവ്

Jaihind Webdesk
Thursday, September 26, 2024

 

തിരുവനന്തപുരം: മുഖ്യമന്ത്രി കേരളത്തിലെ റോഡിൽ കൂടിയല്ലേ സഞ്ചരിക്കുന്നത് അതോ ആകാശത്തുകൂടിയാണോ സഞ്ചരിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. റോഡുകളെല്ലാം തകർന്ന് കിടക്കുന്നു, പക്ഷേ, കേരളത്തിലെ മുഖ്യമന്ത്രി പറയുന്നു ഇവിടത്തെ റോഡുകൾ സ്വർഗ്ഗമാണെന്ന്. ഇവിടെ റോഡുകളിൽ സഞ്ചരിക്കുന്ന ജനത്തിന്‍റെ നടുവൊടിയുകയാണ്. എല്ലാ ഗതാഗത സംവിധാനങ്ങളും താറുമാറായി. ഗുഡ് ഗവേർണൻസിന്‍റെ പേരിൽ അധികാരത്തിൽ വന്ന സർക്കാർ ഇപ്പോൾ ഭരിക്കാൻ കഴിയാതെ സംഭ്രമിച്ചു നിൽക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

‘നീതികേടിന്‍റെ നൂറുമാസങ്ങൾ എൽഡിഎഫ് സർക്കാർ തകർത്തെറിഞ്ഞ കേരളം’ എന്ന വിഷയത്തെ ആസ്പദമാക്കി നൂറു കുറ്റങ്ങൾ ചാർത്തി കേരള സെക്രട്ടേറിയറ്റ് അസോസിയേഷൻ സംഘടിപ്പിച്ച ‘പ്രതീകാത്മക കുറ്റവിചാരണ ‘ ഉദ്ഘാടനം ചെയ്യുകയായിരുന്നു വി.ഡി. സതീശൻ.

എല്ലാ സംസ്ഥാന സർക്കാരുകളും പ്ലാൻ ഫണ്ട് വർധിപ്പിക്കുമ്പോൾ കേരളത്തിന്‍റെ പദ്ധതി മാത്രം നിശ്ചലാവസ്ഥയിലാണ്. നികുതി പിരിവ് സംവിധാനം പൂർണമായും പരാജയപ്പെട്ടു. ആവശ്യമില്ലാത്ത ചെലവുകൾ വർധിക്കുകയാണ്. മുഴുവൻ പൊതു മേഖലാ സ്ഥാപനങ്ങളും തകർച്ചയുടെ വക്കിലാണ്. സർക്കാർ തോന്നിയപോലെ ചെലവ് ചെയ്യുന്നു. ദുർചെലവ് വർദ്ധിക്കുന്നു. വരുമാനം കുറയുന്നു, അനാവശ്യ ചെലവുകൾ വർദ്ധിക്കുന്നു. സിവിൽ സപ്ലെെസ് കോർപ്പറേഷന് 4500 കോടി രൂപ കടം , അത് സർക്കാർ കൊടുക്കാനുള്ളതാണ്. എൽഡിഎഫ് ഭരണത്തിൽ ഒരു വർഷത്തിൽ 2 പ്രാവശ്യമാണ് വൈദ്യുതി ചാർജ്ജ് വർദ്ധിപ്പിക്കുന്നതെന്നും വി.ഡി. സതീശന്‍ പറഞ്ഞു.

കെഎസ്ആർടിസിയുടെ കാര്യം അവതാളത്തിൽ. ഉമ്മൻ ചാണ്ടി ഭരിക്കുമ്പോൾ 42,000 തൊഴിലാളികളും 5300 ഷെഡ്യൂളുകളുമുണ്ടായിരുന്നു. 2200 പുതിയ ബസുകൾ നിരത്തിലിറക്കി. ഒരു മാസം പോലും ശമ്പളം മുടങ്ങയിട്ടില്ല. ഇപ്പോൾ തൊഴിലാളികൾ 23000 , 1000 ഷെഡ്യൂളുകൾ കുറഞ്ഞു. പുതിയ ബസുകൾ വാങ്ങിയിട്ടുമില്ല. ശമ്പളവും മുടങ്ങി. വാട്ടർ അതോറിറ്റിയിൽ നയാപൈസ എടുക്കാനില്ല. എല്ലാ ക്ഷേമനിധി ബോർഡുകളും തകർന്നു. കെട്ടിട നിർമ്മാണ ക്ഷേമപെൻഷൻ 18 മാസമായി മുടങ്ങി കിടക്കുന്നു. തയ്യൽ തൊഴിലാളി, കർഷക തൊഴിലാളി ക്ഷേമനിധികൾ തകർന്നു തരിപ്പണമായി. പൊതുജനാരാേഗ്യം ഇതുപോലെ തകർന്ന കാലമുണ്ടാേ എന്നും വി.ഡി. സതീശന്‍ ചോദിച്ചു.

ഇവരൊക്കെ ബോധപൂർവം മറക്കുന്ന ഒരു കാര്യമുണ്ട്. വൈദ്യുതി നിരക്ക് കുറയ്ക്കുക എന്ന് അക്കാര്യം സാധ്യമാക്കിയ ഒരു സർക്കാരുണ്ട്. ഉമ്മൻ ചാണ്ടി ഗവൺമെന്‍റ് അധികാരത്തിലിരിന്നപ്പോൾ യൂണിറ്റിന് 20 പൈസ കുറച്ചുകൊടുത്തു. അപ്പോൾ വൈദ്യുതി ബോർഡ് ലാഭത്തിലായിരുന്നു. കഴിഞ്ഞ 8 വർഷം കൊണ്ട് വൈദ്യുതി ബോർഡ് ഉണ്ടാക്കിയ കടം 45,000 കോടി രൂപ. പിന്നേയും നിരക്ക് കൂട്ടാൻ ഒരുങ്ങുന്നു.

ലോകത്തുള്ള മുഴുവൻ പകർച്ചവ്യാധികളും കേരളത്തിലുണ്ട്. നിപ്പ, ഷിഗല്ല, ജപ്പാൻ ജ്വരം, മസ്തിഷ്ക്കജ്വരം, എല്ലാം കേരളത്തിലുണ്ട്. നൂറു കണക്കിനാളുകൾ കേരളത്തിൽ മരിച്ചു. കുട്ടികളെല്ലാം കേരളം വിട്ടുപോകുകയാണ്. ഞാനത് നിയമസഭയിൽ പറഞ്ഞപ്പോൾ വിദ്യാഭാസ മന്ത്രിയുടെ മറുപടി മഹാത്മാഗാന്ധിയും നെഹ്റുവുമൊക്കെ വിദേശത്തല്ലേ പഠിച്ചത് എന്നായിരുന്നു.

ആരോഗ്യരംഗം താറുമാറായി. തിരുവനന്തപുരത്ത് ആയിരം പേർക്കാണ് ഡെങ്കിപ്പനി ബാധിച്ചത്. പോലീസിനെ ഭരിക്കുന്നത് മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉപചാപക സംഗമാണെന്ന് ഞാൻ 2 കൊല്ലം മുമ്പെ പറഞ്ഞത് ഇപ്പോൾ ശരിയാണെന്ന് ജനങ്ങൾക്ക് മനസ്സിലായി. ഉപജാപക സംഘത്തിലുള്ളവരുടെ പേരുകൾ ഭരണകക്ഷി എംഎൽഎ തന്നെ വെളിപ്പെടുത്തുന്ന സ്ഥിതിയാണെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പറഞ്ഞു.