‘ജനങ്ങള്‍ നിങ്ങളെ വെറുക്കുന്നു’, ‘പിണറായി വിജയനെന്ന സൂര്യന്‍ കെട്ടുപോയി, പിണറായി അവസാനത്തെ സിപിഎം മുഖ്യമന്ത്രി’; ആഞ്ഞടിച്ച് അന്‍വര്‍

Jaihind Webdesk
Thursday, September 26, 2024

 

മലപ്പുറം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ ആഞ്ഞടിച്ച് പി.വി. അന്‍വര്‍ എംഎല്‍എ. മുഖ്യമന്ത്രി എന്നെ ചതിച്ചു. മുഖ്യമന്ത്രിയുടെ ഗ്രാഫ് നൂറില്‍ നിന്ന് പൂജ്യത്തിലേക്കായി. പിണറായി വിജയന്‍ എന്ന സൂര്യൻ കെട്ടുപോയെന്നും ഇങ്ങനെ പോയാല്‍ പിണറായി അവസാനത്തെ സിപിഎം മുഖ്യമന്ത്രിയാവുമെന്നും അന്‍വര്‍ രൂക്ഷമായി വിമര്‍ശിച്ചു. പാർട്ടിയിൽ നടക്കുന്നത് അടിമത്തമാണെന്നും അന്‍വര്‍ കുറ്റപ്പെടുത്തി.

മുഖ്യമന്ത്രിയോട് എല്ലാം തുറന്ന് പറഞ്ഞിട്ടും അതെല്ലാം പാടെ തള്ളി കളഞ്ഞ് അവസാനം എന്നെ കുറ്റവാളിയാക്കി മാറ്റാന്‍ നോക്കി. പിണറായി വിജയന്‍ എന്നോട് കാണിച്ചത് ചതിയാണ്. അദ്ദേഹം എന്നെ വളരെ തന്ത്രപരമായി ചതിച്ചെന്നും അന്‍വര്‍ പറഞ്ഞു. കത്തിജ്വലിച്ചു നിന്ന സൂര്യനായിരുന്നു പിണറായി വിജയന്‍. എന്നാല്‍, ആ സൂര്യൻ കെട്ടുപോയി. സ്പോട്ടിൽ സസ്പെൻഡ് ചെയ്യേണ്ട നെട്ടോറിയസ് ക്രിമിനലാണ് എഡിജിപി അജിത്ത് കുമാർ. എന്നാൽ അവരെ സംരക്ഷിച്ച് വിജിലൻസ് അന്വേഷണത്തിലുടെ ആറുമാസം കൂടി സമയം നൽകുകയാണ് മുഖ്യന്‍ ചെയ്തതെന്നും അന്‍വര്‍ കുറ്റപ്പെടുത്തി.

‘മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി. ശശി കാട്ടുകള്ളനാണ്. മുഖ്യമന്ത്രിയെ വികൃതമാക്കുന്നത് ശശിയാണ്. മറ്റൊരു സഖാക്കളും ശശിയെക്കുറിച്ച് നല്ലത് പറയില്ല, ശശിയെക്കുറിച്ച് നല്ല അഭിപ്രായമുള്ളത് മുഖ്യമന്ത്രിക്ക് മാത്രമാണ്. ഈ രീതിയിലാണ് പോവുന്നതെങ്കിൽ കമ്യൂണിസ്റ്റ് പാർട്ടിയിലെ അവസാനത്തെ മുഖ്യമന്ത്രിയാകും പിണറായി വിജയൻ. എല്ലാത്തിലും മുഖ്യമന്ത്രി കൂച്ചുവിലങ്ങിട്ടെന്നും മുഖ്യമന്ത്രിക്ക് ആഭ്യന്തരവകുപ്പ് ഭരിക്കാൻ യോഗ്യതയില്ലെന്നും’ അൻവർ കൂട്ടിച്ചേർത്തു.

‘എനിക്ക് വിഷമമുണ്ടാകും. ഞാൻ പ്രതികരിക്കും, പ്രതികരിച്ചു കൊണ്ടേയിരിക്കും. പാർട്ടി സഖാക്കൾ പ്രതികരിക്കരുത്, പോലീസ് സ്റ്റേഷനിൽ പോകേണ്ട വില്ലേജ് ഓഫിസിൽ പോകേണ്ടയെന്നാണ് പറയുന്നത്. ഭയങ്കര സത്യസന്ധമായ ഭരണം. എല്ലാവർക്കും സമം. എന്ത് സമം? കമ്യൂണിസ്റ്റുകാരെ കേരളം മുഴുവൻ വേട്ടയാടുകയാണ്. ഇങ്ങനെ പോയാല്‍ പിണറായി അവസാനത്തെ സിപിഎം മുഖ്യമന്ത്രിയാവുമെന്നും അന്‍വര്‍ വിമര്‍ശിച്ചു.

പി.ശശിക്കെതിരെയും എഡിജിപി എം.ആർ. അജിത്കുമാറിനുമെതിരെയും രൂക്ഷ വിമർശനങ്ങൾ മാധ്യമങ്ങളിലൂടെ ഉന്നയിച്ച അൻവറിനെ സിപിഎം കഴിഞ്ഞ ദിവസം വിലക്കിയിരുന്നു. പാർട്ടിയെ അനുസരിക്കുമെന്ന് പറഞ്ഞ് പി.വി അൻവർ ഫേസ്ബുക്ക് പോസ്റ്റിടുകയും ചെയ്തിരുന്നു. നാല് ദിവസങ്ങൾക്ക് ശേഷമാണ് പാർട്ടി നിർദേശം ലംഘിച്ച് വീണ്ടും മാധ്യമങ്ങൾക്ക് മുന്നിലെത്തിയത്.