തൃശ്ശൂര്‍ പൂരം കലക്കല്‍: എഡിജിപിയുടെ അന്വേഷണ റിപ്പോര്‍ട്ട് തളളി, അജിത് കുമാറിനെതിരെയും അന്വേഷണത്തിന് ശുപാര്‍ശ

Jaihind Webdesk
Thursday, September 26, 2024

തിരുവനന്തപുരം: തൃശൂര്‍ പൂരം കലക്കലിനെക്കുറിച്ചുളള എഡിജിപി എം ആര്‍ അജിത്ത് കുമാറിന്റെ അന്വേഷണ റിപ്പോര്‍ട്ട് തള്ളി. പൂരം കലക്കലില്‍ ബാഹ്യഇടപെടല്‍ ഉണ്ടായിട്ടില്ലെന്ന എഡിജിപി എംആര്‍ അജിത് കുമാറിന്റെ റിപ്പോര്‍ട്ടാണ്ആഭ്യന്തര സെക്രട്ടറി തളളിയത്. വിഷയത്തില്‍ വീണ്ടും അന്വേഷണം വേണമെന്ന് നിര്‍ദേശിക്കുകയും ചെയ്തു.

എഡിജിപി എം.ആര്‍ അജിത്കുമാറിനെതിരെയും അന്വേഷണം നടത്താന്‍ ആഭ്യന്തര സെക്രട്ടറി ശുപാര്‍ശ ചെയ്തു. ഡിജിപി തല അന്വേഷണം വേണമെന്നാണ് ശുപാര്‍ശ. അതെസമയം പൂരം കലക്കലില്‍ മറ്റൊരു അന്വേഷണം കൂടി വേണമെന്നും നിര്‍ദ്ദേശമുണ്ട്. ക്രൈം ബ്രാഞ്ച് മേധാവിയുടെ നേതൃത്വത്തില്‍ അന്വേഷണം വന്നേക്കും.

പൂരം കലങ്ങിയതില്‍ അട്ടിമറിയും ബാഹ്യ പ്രേരണയും ഇല്ലെന്നാണ് എഡിജിപിയുടെ റിപ്പോര്‍ട്ട്. ഉദ്യോഗസ്ഥ തലത്തിലെ വീഴ്ചയെ കുറിച്ചും വലിയ പരാമര്‍ശങ്ങളില്ല. എന്നാല്‍ ദേവസ്വങ്ങളുടെ ഇടപെടലിനെ കുറിച്ച് നിശിത വിമര്‍ശനം എംആര്‍ അജിത് കുമാറിന്റെ റിപ്പോര്‍ട്ടിലുണ്ട്. ആര്‍ക്കെതിരെയും നടപടിക്ക് റിപ്പോര്‍ട്ടില്‍ ശുപാര്‍ശയുണ്ടായിരുന്നില്ല.

ഇന്നലെ നടന്ന ക്യാബിനറ്റ് യോഗത്തിലടക്കം എഡിജിപിയുടെ റിപ്പോര്‍ട്ടിനെതിരെ സിപിഐ വലിയ വിമര്‍ശനമുയര്‍ത്തിയിരുന്നു. ഇതിന് പിന്നാലെയാണ് റിപ്പോര്‍ട്ട് തളളി പുതിയ അന്വേഷണത്തിന് സാഹചര്യം ഒരുങ്ങിയത്.