71 ദിവസത്തിന് ശേഷം ലോറി കണ്ടെത്തി; ക്യാബിനുള്ളില്‍ അര്‍ജുന്‍റെ മൃതദേഹം

Jaihind Webdesk
Wednesday, September 25, 2024

</

 

അങ്കോല: കാണാതായി 71 ദിവസത്തിന് ശേഷം അ‍ർജുന്‍റെ  മൃതദേഹം കണ്ടെത്തിയിരിക്കുന്നു. ഡ്രഡ്ജർ ഉപയോ​ഗിച്ച് പുറത്തെടുത്ത ട്രക്കിനുള്ളിലാണ് അർജുന്‍റെ മൃതദേഹം കണ്ടെത്തിയത്. ക്യാബിനുള്ളിലായിരുന്ന മൃതദേഹം പുറത്തെടുത്ത് ബോട്ടിലേക്ക് മാറ്റി. മൃതദേഹം അർജുന്‍റേതു തന്നെയാണെന്നാണ് മനാഫും ജിതിനും പറയുന്നത്.

അതേസമയം അർജുന്‍റെ മൃതദേഹം ഡിഎൻഎ പരിശോധനയില്ലാതെ വിട്ട് നൽകാനാണ് ജില്ലാ ഭരണ കൂടത്തിന്‍റെ തീരുമാനം. അർജുൻ ലോറിയിൽ കിടന്നുറങ്ങുന്നത് കണ്ടുവെന്ന സാക്ഷി മൊഴിയുടെ അടിസ്ഥാനത്തിലാണ് മൃതദേഹം പരിശോധനയില്ലാതെ ബന്ധുക്കൾക്ക് വിട്ട് നൽകുന്നത്.

ഗം​ഗാവലി പുഴയിൽ ഡ്രഡ്ജർ ഉപയോ​ഗിച്ച് നടത്തിയ തിരച്ചിലിലാണ് ആദ്യം ലോറി കണ്ടെത്തിയത്. ലോറിയുടെ ക്യാബിനുള്ളില്‍ മൃതദേഹവും കണ്ടെത്തി. അതിനുശേഷമാണ് മൃതദേഹം അർജുന്‍റേതു തന്നെയാണെന്നാണ് മനാഫും ജിതിനും  സ്ഥിരീകരിച്ചത്.

ലോറിയുടെ ക്യാബിനാണ് ആദ്യം പുറത്തെത്തിച്ചത്. ആദ്യം കറുത്ത ലോഹവസ്തു കണ്ടെത്തിയെന്ന വിവരമാണ് പുറത്തുവന്നത്. പിന്നീട് ലോറിയുടെ ക്യാബിന്‍ ഉയര്‍ത്തിയപ്പോഴാണ് ഉളളില്‍ മൃതദേഹം ഉളളതായി കണ്ടെത്തിയത്. ​ഗം​ഗാവലി പുഴയുടെ ഒഴുക്ക് കുറഞ്ഞ സാഹചര്യത്തിലാണ് ലോറി പുറത്തെടുക്കാനായത്. ജൂലൈ 16നാണ് അർജുനെ കാണാതായത്. ശക്തമായ മഴയും അടിയൊഴുക്കും മൂലം തിരച്ചില്‍ നിര്‍ത്തിവെക്കേണ്ടി വന്നിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ഇപ്പോള്‍ ലോറിയും അര്‍ജുന്‍റെ മൃതദേഹവും കണ്ടെത്തിയിരിക്കുന്നത്.