ഒടുവിൽ മുട്ടുമടക്കി സര്‍ക്കാര്‍: എഡിജിപി-ആർഎസ്എസ് കൂടിക്കാഴ്ചയിൽ അന്വേഷണം

Jaihind Webdesk
Wednesday, September 25, 2024

 

തിരുവനന്തപുരം: എഡിജിപി എം.ആർ അജിത് കുമാറും ആർഎസ്എസ് നേതാക്കളും തമ്മിൽ നടത്തിയ കൂടിക്കാഴ്ചയിൽ അന്വേഷണം. സംസ്ഥാന സർക്കാർ ഇതുസംബന്ധിച്ച് ഉത്തരവിറക്കി. എഡിജിപിക്കെതിരായ പി.വി അൻവർ എംഎൽഎയുടെ ആരോപണങ്ങൾ ​അന്വേഷിക്കുന്ന സംഘം തന്നെയാവും ഈ ആരോപണവും അന്വേഷിക്കുക. ഇതുസംബന്ധിച്ച ഉത്തരവും പുറത്തിറങ്ങിയിട്ടുണ്ട്. ആർഎസ്എസ് നേതാവ് ജയകുമാറിന്‍റെ മൊഴിയും എഡിജിപിക്കൊപ്പമുണ്ടായിരുന്നവരുടെ മൊഴിയും അന്വേഷണസംഘം രേഖപ്പെടുത്തും.

2023 മെയ് മാസത്തിൽ ആർഎസ്എസ് നേതാക്കളുമായി എഡിജിപി ചർച്ച നടത്തിയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ആരോപിച്ചിരുന്നു. ആർഎസ്എസ് നേതാവുമായുള്ള കൂടിക്കാഴ്ച എഡിജിപി സ്ഥിരീകരിക്കുകയും ചെയ്തു. ഇക്കാര്യം സ്പെഷ്യൽ ബ്രാഞ്ചിന് അറിയാമായിരുന്നുവെന്ന് മാധ്യമങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

ഇതിന് പിന്നാലെ കോവളത്തെ സ്വകാര്യ ഹോട്ടലിൽ ആർഎസ്എസ് നേതാവ് റാം മാധവിനെ എഡിജിപി സന്ദർശിച്ചു. 10 ദിവസത്തെ ഇടവേളയിലാണ് ഈ രണ്ട് സംഭവങ്ങളും നടന്ന​തെന്ന് പ്രതിപക്ഷം വ്യക്തമാക്കിയിരുന്നു. തുടർന്ന് ഇടത് എംഎൽഎയായ പി.വി അൻവറും സമാനമായ ആരോപണം ഉന്നയിച്ച് രംഗത്തെത്തിയിരുന്നു.