സീതാറാം യെച്ചൂരി: ചുവന്ന ആകാശത്തിലെ ഒരപൂര്‍വ്വ നക്ഷത്രം | ലേഖനം – ഡോ. ശൂരനാട് രാജശേഖരന്‍

Tuesday, September 24, 2024

 

‘കോൺഗ്രസിനെ പരാജയപ്പെടുത്താൻ ഏതു ചെകുത്താനുമായും കൂട്ടു കൂടും’ എന്നു പ്രഖ്യാപിച്ച ജനറൽ സെക്രട്ടറിമാർ അനവധിയുണ്ട്  സിപിഐ-എം എന്ന പാർട്ടിയുടെ ചരിത്രത്തിൽ. ആ കൂട്ടുകെട്ടിൽ കോൺഗ്രസിനെ പല അവസരങ്ങളിലും പരാജയപ്പെടുത്താൻ കമ്യൂണിസ്റ്റുകാർക്കു കഴിഞ്ഞിട്ടുമുണ്ട്.

എന്നാൽ കോൺഗ്രസിനല്ലാതെ ഇന്ത്യയുടെ മതേതര ജനാധിപത്യ മൂല്യങ്ങൾ സംരക്ഷിക്കാൻ കഴിയില്ലെന്ന് ഉറച്ചു വിശ്വസിക്കുകയും അതിനായി അത്യധ്വാനം ചെയ്യുകയും ചെയ്ത  ജനറൽ സെക്രട്ടറിമാരുമുണ്ടായിട്ടുണ്ട് അതേ പാർട്ടിയിൽ. ഹർകിഷൻ സിംഗ് സുർജിത് ആയിരുന്നു ഒരാൾ. അടുത്തയാൾ സീതാറാം യെച്ചൂരിയും.

ഹർ കിഷൻ സിംഗ് സുർജിത്തിന്റെ വിശ്വാസം 2004ൽ കോൺഗ്രസ് നയിച്ച യുപിഎ സഖ്യത്തെ അധികാരത്തിലെത്തിക്കാൻ സഹായിച്ചു. യെച്ചൂരിയുടെ വിശ്വാസവും അധ്വാനവും 2024ലെ പൊതു തെരഞ്ഞെടുപ്പിൽ ഭാരതീയ ജനതാ പാർട്ടി നയിച്ച ഫാസിസ്റ്റ് ഭരണത്തിന്റെ കനത്ത തിരിച്ചടിക്കും ഇന്ത്യൻ നാഷണൽ കോൺഗ്രസ് നയിച്ച ഇന്ത്യാ സഖ്യത്തിന്റെ വൻ മുന്നേറ്റത്തിനും വലിയ തോതിൽ ഗുണം ചെയ്തു.

ഇന്ത്യയുടെ പുതിയ രാഷ്ട്രീയ കാലാവസ്ഥയിൽ മതവർഗീയ ഫാസിസ്റ്റ് ഭരണകൂടങ്ങൾക്കെതിരേ മതേതര ജനാധിപത്യ ചേരിയുടെ സമുജ്വലമായ കൂട്ടുകെട്ട് ശക്തിപ്രാപിക്കുന്നതിനിടയൊണ് വളരെ അപ്രതീക്ഷിതമായി സീതാറാം യെച്ചൂരി എന്ന യഥാർഥ കമ്യൂണിസ്റ്റ് നേതാവിന്റെ, ശക്തനായ ഇടതുപക്ഷ രാഷ്ട്രീയ വക്താവിന്റെ വിയോഗം. കമ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ മാർക്‌സിസ്റ്റ് എന്ന പാർട്ടിക്കു മാത്രമല്ല, രാജ്യത്തെ മതേതര ശക്തികൾക്കെല്ലാം അതൊരു തീരാനഷ്ടം തന്നെയാണ്.

ദേശീയ തലത്തിൽ കൂട്ടുകക്ഷി രാഷ്ട്രീയത്തിന്റെ വക്താവായിരുന്നു സീതാറാം യെച്ചൂരി. ഇക്കാര്യത്തിൽ 2004ൽ തന്റെ രാഷ്ട്രീയ ഗുരുവും  സിപിഐഎം മുൻ ജനറൽ സെക്രട്ടറിയുമായ ഹർകിഷൻ സുർജീത് വഹിച്ച പങ്ക് 2024ൽ യെച്ചൂരി ഏറ്റെടുത്തു. 2023-ൽ ഇന്ത്യൻ നാഷണൽ ഡെവലപ്മെന്റൽ ഇൻക്ലൂസീവ് അലയൻസ് എന്ന ഇന്ത്യാ സഖ്യത്തിന്റെ രൂപീകരണത്തിൽ വളരെ നിർണായകമായ പങ്കാണ് യെച്ചൂരി നിർവഹിച്ചത്. സഖ്യത്തിലെ കക്ഷികൾ തമ്മിലുള്ള അഭിപ്രായവ്യത്യാസങ്ങൾ പരിഹരിക്കുന്നതിനും വിവിധ പാർട്ടികളിലെ വമ്പന്മാർ തമ്മിലുള്ള ഈഗോ സംഘർഷങ്ങൾ പരിഹരിക്കുന്നതിനും യെച്ചൂരിയുടെ രാഷ്ട്രീയ തന്ത്രങ്ങൾ ഒരളവോളം വിജയിച്ചു.

സാമ്പത്തിക ശാസ്ത്രത്തിൽ സ്വർണമെഡൽ ജേതാവായ യെച്ചൂരി ഡൽഹിയിലെ സെന്റ് സ്റ്റീഫൻസ് കോളെജിൽ നിന്നാണ് ബിരുദം നേടിയത്. ഡൽഹി സ്‌കൂൾ ഓഫ് ഇക്കണോമിക്സിനേക്കാൾ പുതുതായി സ്ഥാപിതമായ ജവഹർലാൽ നെഹ്റു യൂണിവേഴ്സിറ്റിയാണ് അദ്ദേഹം തന്റെ മാസ്റ്റേഴ്സ് ബിരുദ പഠനത്തിനു തെരഞ്ഞെടുത്തത്. അതദ്ദേഹത്തിന്റെ രാഷ്ട്രീയ ജീവിതത്തിലേക്കുള്ള പ്രവേശനോത്സവം കൂടി ആയിരുന്നു.

പുതിയ സർവകലാശാലയുടെ ഒട്ടും പരിചിതമല്ലാതിരുന്ന  അക്കാദമിക് അന്തരീക്ഷത്തിലേക്ക് അദ്ദേഹം ആകർഷിക്കപ്പെട്ടു, അവിടുത്തെ ഫാക്കൽറ്റി അംഗങ്ങൾ വിദ്യാർത്ഥികളെ അവരുടെ പേരുകളിൽ അഭിസംബോധന ചെയ്യണമെന്ന് അദ്ദേഹം ശഠിച്ചു. വിദ്യാർത്ഥികൾ അധ്യാപകരെയും പേരുകൾ ഉപയോഗിച്ച്  അഭിസംബോധന ചെയ്യുമെന്ന് പ്രതീക്ഷിക്കുകയും ചെയ്തു. അതൊരു വിപ്ലവകരമായ ചിന്താഗതിയായിരുന്നു. ആ ചിന്താഗതിയിലേക്ക് കൂടുതൽ കൂട്ടുകാരെ എത്തിക്കാൻ അദ്ദേഹത്തിനായി. പക്ഷേ, സർവകലാശാലയുടെ തലവന് അതൊട്ടും രുചിച്ചില്ല. വൈസ് ചാൻസിലർക്കെതിരേ ആയിരുന്നു ആദ്യത്തെ പ്രക്ഷോഭം.

അന്നത്തെ വൈസ് ചാൻസലറായിരുന്ന ബി.ഡി നാഗ് ചൗധരിയെ ക്യാമ്പസിലേക്ക് പ്രവേശിപ്പിക്കാൻ വിദ്യാർത്ഥികൾ വിസമ്മതിച്ചു. ഇതേത്തുടർന്ന് സർവകലാശാല അനിശ്ചിത കാലത്തേക്ക് അടച്ചുപൂട്ടാൻ സർക്കാർ ഉത്തരവിട്ടു. എന്നാൽ വിദ്യാർത്ഥികളും അധ്യാപകരും ചേർന്ന് സർവകലാശാല പതിവുപോലെ പ്രവർത്തിക്കുമെന്ന് ഉറപ്പാക്കി. ലൈബ്രറി 24 മണിക്കൂറും തുറന്നിരുന്നു, എല്ലാ ക്ലാസുകളും നടന്നു. ഏകദേശം 40 ദിവസത്തോളം ഇത് തുടർന്നു. ‘ സമരം നടത്താൻ പണത്തിന് ക്ഷാമം ഉണ്ടായിരുന്നു. സരോജിനി നഗർ മാർക്കറ്റിലേക്കും കൊണാട്ട് പ്ലേസിലേക്കും ഞങ്ങൾ വിദ്യാർത്ഥികളെ അവരുടെ കഴുത്തിൽ ‘യൂണിവേഴ്‌സിറ്റി പ്രവർത്തിക്കുന്നു, വിസി സമരത്തിലാണ്’ എന്നെഴുതിയ പ്ലക്കാർഡുകളുമായി സർവ്വകലാശാല നടത്തിപ്പിനായി പണം പിരിക്കാൻ അയച്ചു,’ ഒരിക്കൽ യെച്ചൂരി ഒരു പ്രമുഖ മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ പറഞ്ഞു. സമരം വിജയിച്ചു.

എന്നാൽ ജെഎൻയുവിലും പുറത്തും യെച്ചൂരിയെ ശ്രദ്ധേയനാക്കിയത് ഈ സമരമായിരുന്നില്ല. ചാൻസിലർ കൂടിയായിരുന്ന ഇന്ദിരാ ഗാന്ധിക്കെതിരായ സമരമായിരുന്നു. യൂണിവേഴ്‌സിറ്റിയുടെ ചാൻസലർ സ്ഥാനം രാജിവയ്ക്കാൻ ഇന്ദിരാഗാന്ധിയെ നിർബന്ധിച്ചതിന് ജെഎൻയു സ്റ്റുഡന്റ്‌സ് യൂണിയൻ പ്രസിഡന്റ് എന്ന നിലയിൽ അദ്ദേഹം സ്വയം പേരെടുത്തു.

1977ലെ ലോക്സഭാ തിരഞ്ഞെടുപ്പിലെ തോൽവിക്ക് ശേഷവും ഇന്ദിരാഗാന്ധി ജെഎൻയു ചാൻസലർ പദവിയിൽ തുടർന്നു. അതിനെതിരായിരുന്നു യെച്ചൂരിയുടെ സമരം.  രാജി ആവശ്യപ്പെട്ട് അദ്ദേഹത്തിന്റെ നേതൃത്വത്തിൽ വിദ്യാർഥികൾ ഇന്ദിരാ ഗാന്ധിയുടെ വീട്ടിലേക്ക് മാർച്ച് നടത്തി. സെക്യൂരിറ്റി ഉദ്യോഗസ്ഥർ അവരെ അകത്തേക്ക് കടത്തി വിട്ടില്ല. പക്ഷേ, വിവരമറിഞ്ഞ് ഇന്ദിരാ ഗാന്ധി പുറത്തിറങ്ങി വിദ്യാർഥികളുടെ അടുത്തെത്തി യെച്ചൂരിയിൽ നിന്ന് പ്രമേയം നേരിട്ടു വാങ്ങി. ഏതാനും ദിവസങ്ങൾക്കുള്ളിൽ ഇന്ദിരാ ഗാന്ധി തൽസ്ഥാനം രാജി വയ്ക്കുകയും ചെയ്തു. സീതാറാം യെച്ചൂരി എന്ന യുവ വിപ്ലവ നേതാവിന്റെ വെന്നിക്കൊടിയാണ് അവിടെ ഉയർന്നു പാറിയത്. അതിനു വഴിതെളിച്ചത് ഇന്ദിരാ ഗാന്ധിയെന്ന രാഷ്ട്രീയ ധിഷണാ കേന്ദ്രത്തിന്റെ പ്രോജ്വലമായ വിദ്യാർഥി പ്രസ്ഥാന ബഹുമാനവും.

ഇന്ദിരാ ഗാന്ധിയോട് അന്നു തുടങ്ങിയതാണ് യെച്ചൂരിയുടെ ആദരം. പക്ഷേ, അവർ പരസ്പരം രാഷ്ട്രീയമായി എതിർത്തു. എന്നാൽ പിന്നീട് ഇന്ദിരാ ഗാന്ധിയുടെ മരുമകളും ചെറുമകനും കോൺഗ്രസ് പ്രസ്ഥാനത്തിന്റെ അമരക്കാരയപ്പോൾ അവർക്കൊപ്പം അടിയുറച്ചു നിൽക്കുകയും ചെയ്തു. കേരളത്തിലെ കമ്യൂണിസ്റ്റുകാരെ ബാധിച്ച അന്ധമായ കോൺഗ്രസ് വിരുദ്ധ തിമിരം ശസ്ത്രക്രിയ നടത്തി മാറ്റിയെടുക്കാൻ അദ്ദേഹത്തിനു കഴിഞ്ഞില്ലെന്നു സമ്മതിക്കാം. അല്ലായിരുന്നെങ്കിൽ ഇന്ത്യയുടെ രാഷ്ട്രീയ ചിത്രം ഇന്നത്തേതാകുമായിരുന്നില്ല

സീതാറാം യെച്ചൂരി പല സ്വത്വങ്ങളും പേറി നടന്ന വ്യക്തിത്വമായിരുന്നു. അദ്ദേഹം ഒരു മാതൃകാ മാർക്സിസ്റ്റായിരുന്നു എന്നതാണു പ്രധാന മുഖം.  അക്കാഡമിക് രംഗത്ത് അനായാസ പാടവം പുലർത്തിയിരുന്ന  ബഹുഭാഷാ പണ്ഡിതനായിരുന്നു. അതേസമയം തെരുവിലുള്ള ഒരു സാധാരണ വ്യക്തിക്ക്  ലളിതമായ ഭാഷയിൽ അതേ സിദ്ധാന്തങ്ങൾ നന്നായി വിശദീകരിക്കാനും അദ്ദേഹത്തിനു കഴിയുമായിരുന്നു. യെച്ചൂരി ഒന്നിലധികം ഭാഷകൾ സംസാരിച്ചു. വ്യത്യസ്തമായ പ്രത്യയശാസ്ത്ര സരണികൾ ഒരുമിച്ച് കൈകാര്യം ചെയ്യുന്നതിൽ വിജയിച്ചു. പ്രായോഗിക രാഷ്ട്രീയത്തിൽ വിട്ടുവീഴ്ചകൾക്കു തയാറായി. മൂല്യാധിഷ്ഠിത വിശ്വാസങ്ങളിൽ തുള്ളിപോലും വെള്ളം ചേർത്തതുമില്ല. ശക്തനായ ഇടതുപക്ഷ വക്തായിരുന്നുകൊണ്ടു തന്നെ മതേതര ജനാധിപത്യ ചേരിയെ ശക്തിപ്പെടുത്തുന്നതിൽ അത്യുത്സാഹം കാണിച്ചു.

അടിയുറച്ച കമ്യൂണിസ്റ്റായിരുന്നു യെച്ചൂരി. എന്നാൽ അതിന്റെ കാർക്കശ്യങ്ങളിൽ പെട്ടു പോകാത്ത വിശാലമായ ജനാധിപത്യ മതേതര ബോധത്തിന്റെ വക്താവായി തുടർന്ന് ദേശീയ രാഷ്ട്രീയത്തിന്റെ ചുക്കാൻ പിടിച്ച ഒരാളാവാനും അദ്ദേഹത്തിനു കഴിഞ്ഞു. കക്ഷി രാഷ്ട്രീയത്തിന് അതീതമായ ബന്ധങ്ങളുണ്ടാക്കി. രാഷ്ട്രീയവും വ്യക്തിബന്ധവും വെവ്വേറെ കണ്ടു.

ഇന്ത്യൻ ജനാധിപത്യത്തിനും മതേതരചേരിക്കും കരുത്തായിരുന്നു അദ്ദേഹത്തിന്റെ സാന്നിധ്യം. വർഗീയ ശക്തികളോട് വിട്ടുവീഴ്ചയില്ലാത്ത നിലപാടായിരുന്നു യെച്ചൂരിയുടേത്. ഇന്ത്യ മുന്നണി രൂപീകരണവുമായി ബന്ധപ്പെട്ട് പ്രതിപക്ഷ പാർട്ടികളെ ഏകോപിപ്പിക്കുന്നതിൽ അദ്ദേഹത്തിന്റെ മികവ് എടുത്തുപറയേണ്ടതാണ്. ഇന്ത്യ മുന്നണിയുടെ പ്രവർത്തനങ്ങളിൽ അദ്ദേഹം സുപ്രധാനമായ പങ്കാണ് വഹിച്ചത്. കോൺഗ്രസിനെ മുൻനിർത്തിയുള്ള പ്രതിപക്ഷത്തിന് മാത്രമേ രാജ്യത്തെ വർഗീയ വിമുക്തമാക്കാൻ കഴിയൂ എന്ന രാഷ്ടീയ ബോധം പേറിയിരുന്ന അപൂർവം കമ്മ്യൂണിസ്റ്റുകാരിൽ ഒരാളായിരുന്നു സീതാറാം യെച്ചൂരി. ചുവന്ന ആകാശത്തിലെ ഒരപൂർവ നക്ഷത്രം.

ദേശീയ രാഷ്ട്രീയത്തിൽ വളരെ കൂടുതൽ ഉത്തരവാദിത്വങ്ങൾ ചെയ്തു തീർക്കാൻ ബാക്കി വച്ചാണ് എഴുപത്തിരണ്ടാം വയസിൽ അദ്ദേഹം വിടവാങ്ങിയത്. അദ്ദേഹത്തിനെ അദ്ദേഹത്തിന്റെ പാർട്ടി വേണ്ട വിധത്തിൽ ഉപയോഗിച്ചിരുന്നെങ്കിൽ ആ പാർട്ടിക്കു ചരിത്രപരമായ പല  മണ്ടത്തരങ്ങളും സംഭവിക്കില്ലായിരുന്നു. മറഞ്ഞുപോയത് യെച്ചൂരിയെന്ന ചുവന്ന നക്ഷത്രം മാത്രമാണ്. അദ്ദേഹത്തിന്റെ ആശയങ്ങളും പ്രായോഗിക സമീപനങ്ങളും ഇപ്പോഴും മിന്നിത്തെളിഞ്ഞു തന്നെ നില്പുണ്ട്. അതു പട്ടുപൊകാതെ പരിപാലിക്കാൻ അദ്ദേഹത്തിന്റെ പിൻഗാമികൾക്കു കഴിയട്ടെ എന്നു പ്രത്യാശിക്കുന്നു.