തിരുവനന്തപുരം: തൃശ്ശൂര്‍പൂരം അലങ്കോലപ്പെടുത്തി എന്ന ആരോപണത്തിന് വിധേയനായ ആള് തന്നെ പൂരം കലങ്ങിയതില്‍ ബാഹ്യ ഇടപെടല്‍ ഇല്ല എന്ന റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്ന പരിഹാസ്യമായ കാഴ്ചയാണ് ഇപ്പോള്‍ കാണുന്നത് എന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം രമേശ് ചെന്നിത്തല. പ്രതീക്ഷിച്ചതു പോലെ തന്നെ കമ്മീഷണറെ ബലിയാടാക്കി കൈകഴുകി . ഇതിനപ്പുറം ഒരു റിപ്പോര്‍ട്ട് ആരും പ്രതീക്ഷിച്ചിരുന്നില്ല. 1300 പേരുള്ള സചിത്ര ലേഖനമാണ് കൊടുത്തത് എന്നാണ് അറിയാന്‍ കഴിഞ്ഞത്. അതിന്റെ കോപ്പി കിട്ടിയിട്ട് വിശദമായി പ്രതികരിക്കാമെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിന്റെയും തൃശ്ശൂരിന്റെയും വികാരമാണ് തൃശൂര്‍ പൂരം. പൂരം കലക്കിയ ഒരാളെയും ഞങ്ങള്‍ വെറുതെ വിടില്ല. കരുവന്നൂര്‍ ബാങ്ക് അഴിമതി അന്വേഷണം അവസാനിപ്പിക്കുന്നതിനായി നല്കിയ ഡീല്‍ ആണ് തൃശ്ശൂരിലെ ബിജെപി വിജയം. അതിനായി പൂരം കലക്കല്‍ അടക്കമുള്ള കുല്സിത പ്രവര്‍ത്തികളാണ് മുഖ്യമന്ത്രിയും സി പി എമ്മും ചെയ്തത്. ലോക്സഭാ തെരഞ്ഞെടുപ്പിനുശേഷം കരുവന്നൂര്‍ ബാങ്കിലെ അന്വേഷണം ഏതാണ്ട് അവസാനിച്ചു. പ്രമുഖ നേതാക്കളുടെ ചോദ്യം ചെയ്യലും അറസ്റ്റ് ഉടന്‍ ഉണ്ടാകും എന്നുള്ള ബഹളങ്ങളും എല്ലാം അവസാനിച്ചു.
തൃശ്ശൂര്‍ പൂരം കലക്കലും കരുവന്നൂര്‍ ബാങ്ക് അന്വേഷണവുമായുള്ള ബന്ധവും അന്വേഷണ വിധേയമാക്കണമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.