പൂരം കലക്കല്‍; ബാഹ്യ ഇടപെടല്‍ ഇല്ലെന്ന എഡിജിപിയുടെ റിപ്പോര്‍ട്ട് തള്ളി വി.എസ് സുനില്‍കുമാര്‍

Jaihind Webdesk
Sunday, September 22, 2024

തൃശ്ശൂര്‍: തൃശ്ശൂര്‍ പൂരം കലക്കിയതില്‍ ബാഹ്യ ഇടപെടല്‍ ഇല്ലെന്ന എഡിജിപിയുടെ റിപ്പോര്‍ട്ട് തള്ളി തൃശൂരിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായിരുന്ന വി.എസ് സുനില്‍കുമാര്‍. ഈ റിപ്പോര്‍ട്ട് അംഗീകരിക്കാനാവില്ലെന്ന് സുനില്‍കുമാര്‍ വ്യക്തമാക്കി. ബാഹ്യ ഇടപെടല്‍ ഉണ്ടായിട്ടുണ്ടെന്ന് തനിക്കറിയാം. ഒരു കമ്മീഷണര്‍ മാത്രം വിചാരിച്ചാല്‍ പൂരം കലക്കാനാവില്ല. കമ്മീഷണര്‍ പരിചയക്കുറവുള്ള ആളാണെന്ന് കരുതാനാവില്ലെന്നും സുനില്‍കുമാര്‍ പറഞ്ഞു.

രാഷ്ട്രീയക്കുപ്പായം അഴിച്ചുവെച്ചിട്ട് വരുന്ന സ്ഥലമാണ് തൃശൂര്‍ പൂരം. മേലിലും ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കരുത് എന്നാണ് ആഗ്രഹം. പൂരം കലങ്ങിയതില്‍ തനിക്കും പഴി കേള്‍ക്കേണ്ടിവന്നിട്ടുണ്ട്. അന്വേഷണ റിപ്പോര്‍ട്ടിന്റെ വിശദാംശങ്ങള്‍ ലഭിച്ച ശേഷം വിശദമായി പ്രതികരിക്കാമെന്നും സുനില്‍കുമാര്‍ പറഞ്ഞു.

തൃശൂര്‍ പൂരം കലക്കിയിട്ടില്ലെന്നും ഗൂഢാലോചനയ്ക്ക് തെളിവില്ലെന്നും എഡിജിപിയുടെ റിപ്പോര്‍ട്ട്. പ്രധാന ആരോപണമായി ബാഹ്യഇടപെടലിനെയും റിപ്പോര്‍ട്ട് പൂര്‍ണമായും തള്ളുകയാണ്. ബാഹ്യ ഇടപെടല്‍ ഉണ്ടായിട്ടില്ല. കോടതി നിര്‍ദേശം കൂടി പരിഗണിച്ചാണ് പൊലീസ് നടപടികള്‍ സ്വീകരിച്ചത്. അവിടുത്തെ സാഹചര്യം കൈകാര്യം ചെയ്യുന്നതില്‍ കമ്മിഷണര്‍ക്ക് വീഴ്ച പറ്റി. ഉന്നത ഉദ്യോഗസ്ഥരെ കൃത്യമായി വിവരങ്ങള്‍ അറിയിച്ചില്ല. വിവിധ ഇടങ്ങളില്‍ നിയോഗിച്ചത് അനുഭവ പരിചയം കുറഞ്ഞ ഉദ്യോഗസ്ഥരെയെയാണ്. എന്നിങ്ങനെയുള്ള വിവരങ്ങളാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.