പ്രതീക്ഷിച്ച റിപ്പോര്‍ട്ട് തന്നെ! തൃശൂര്‍ പൂരം കലക്കിയിട്ടില്ല; ബാഹ്യ ഇടപെടല്‍ ഉണ്ടായിട്ടില്ലെന്നും എഡിജിപിയുടെ റിപ്പോര്‍ട്ട്

Jaihind Webdesk
Sunday, September 22, 2024

തിരുവനന്തപുരം: തൃശൂര്‍ പൂരം കലക്കിയിട്ടില്ലെന്നും ഗൂഢാലോചനയ്ക്ക് തെളിവില്ലെന്നും എഡിജിപിയുടെ റിപ്പോര്‍ട്ട്. പ്രധാന ആരോപണമായി ബാഹ്യഇടപെടലിനെയും റിപ്പോര്‍ട്ട് പൂര്‍ണമായും തള്ളുകയാണ്. ബാഹ്യ ഇടപെടല്‍ ഉണ്ടായിട്ടില്ല. കോടതി നിര്‍ദേശം കൂടി പരിഗണിച്ചാണ് പൊലീസ് നടപടികള്‍ സ്വീകരിച്ചത്. അവിടുത്തെ സാഹചര്യം കൈകാര്യം ചെയ്യുന്നതില്‍ കമ്മിഷണര്‍ക്ക് വീഴ്ച പറ്റി. ഉന്നത ഉദ്യോഗസ്ഥരെ കൃത്യമായി വിവരങ്ങള്‍ അറിയിച്ചില്ല. വിവിധ ഇടങ്ങളില്‍ നിയോഗിച്ചത് അനുഭവ പരിചയം കുറഞ്ഞ ഉദ്യോഗസ്ഥരെയെയാണ്. എന്നിങ്ങനെയുള്ള വിവരങ്ങളാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

അഞ്ചുമാസത്തോളമാണ് പ്രസ്തുത റിപ്പോര്‍ട്ട് പൂഴ്ത്തിവച്ചത്. എന്നാല്‍ മാധ്യമവാര്‍ത്തകള്‍ക്ക് പിന്നാലെയാണ് സര്‍ക്കാര്‍ ചെറുവിരലെങ്കിലും അനക്കുന്നത്. ഒടുവില്‍ എഡിജിപി, ഡിജിപിക്കു സമര്‍പ്പിക്കുകയും ചെയ്യുന്നു. ഇന്ന് ഡിജിപി ഈ റിപ്പോര്‍ട്ട് പരിശോധിക്കും. ഇന്നലെ വൈകിട്ടാണ് എഡിജിപി എം.ആര്‍ അജിത് കുമാര്‍ ഡിജിപിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. റിപ്പോര്‍ട്ട് പൂര്‍ണമായും പരിശോധിച്ച ശേഷം ഡിജിപി നിര്‍ദ്ദേശങ്ങള്‍ എഴുതിച്ചേര്‍ക്കും. അതിനുശേഷം നാളെ മുഖ്യമന്ത്രിക്ക് കൈമാറും.

പൂരത്തിലെ ചില സുപ്രധാന ചടങ്ങുകള്‍ മുടങ്ങാന്‍ കാരണം മനപ്പൂര്‍വ്വം ഉണ്ടായ വീഴ്ചയാണന്ന് റിപ്പോര്‍ട്ടില്‍ പരാമര്‍ശം ഉണ്ടോ എന്നുള്ളതാണ് എല്ലാവരും ഉറ്റു നോക്കുന്നത്. പൂരം കലക്കിയിട്ടില്ലെന്നും ഗൂഢാലോചനയ്ക്ക് തെളിവില്ലെന്നും പറയുമ്പോള്‍ പിന്നില്‍ മറ്റ് ഇടപെടലുകള്‍ ഉണ്ടായിട്ടുണ്ടോ എന്നതടക്കമുള്ള സംശയങ്ങളും ഉയരുന്നുണ്ട്.