പുതുച്ചേരിയിൽ പ്രതിഷേധം: 10,000 രൂപ ധനസഹായമെന്ന് പറഞ്ഞ് വീട്ടമ്മമാരുടെ മൊബൈല്‍ നമ്പര്‍ വാങ്ങി; ലഭിച്ചത് ബിജെപി അംഗത്വം

Jaihind Webdesk
Friday, September 20, 2024

 

ചെന്നൈ: പുതുച്ചേരി മുതിയാൽപേട്ട് മേഖലയിൽ വ്യാജ വാഗ്ദാനം നൽകി വീട്ടമ്മമാരുടെ ഫോൺനമ്പർ കൈക്കലാക്കിയ സംഘം പകരം ബിജെപി അംഗത്വം നൽകിയെന്ന് പരാതി. സന്നദ്ധ സംഘടനയിൽ നിന്നുള്ളവരാണെന്ന് അവകാശപ്പെട്ടാണ് പത്തിലധികം പേർ വീടുവീടാന്തരം കയറിയിറങ്ങിയത്. 10000 രൂപ സഹായവാഗ്ദാനം നല്‍കിയാണ് വീടുകളില്‍ എത്തിയ ഒരു സംഘം പേര്‍ ഫോണ്‍ നമ്പര്‍ വാങ്ങിയത്. തുടര്‍ന്ന് ഫോണില്‍ വന്നത് ബിജെപി അംഗമാക്കി എന്ന അറിയിപ്പാണ്. ഇതോടെയാണ് വീട്ടമ്മമാര്‍ പരാതിയുമായി രംഗത്തുവന്നത്.

സന്നദ്ധ സംഘടനയിൽ നിന്നുള്ളവരാണെന്ന് പറഞ്ഞാണ് ഇവര്‍ വീട് കയറി ഇറങ്ങി ഫോണ്‍ നമ്പര്‍ വാങ്ങിയത്. വിശേഷ ദിവസങ്ങളിലും അനിഷ്ട സംഭവങ്ങള്‍ വന്നാലും 10000 രൂപ നല്‍കും എന്നാണ് വിശ്വസിപ്പിച്ചത്. ഇതോടെയാണ് വീട്ടമ്മമാര്‍ ഫോണ്‍ നമ്പര്‍ നല്‍കിയത്.

‘നിങ്ങളെ ബിജെപിയുടെ അടിസ്ഥാന അംഗമായി ചേർത്തിരിക്കുന്നു’ എന്ന എസ്എംഎസ് ആണ് ലഭിച്ചത്. ഈ നമ്പറുകള്‍ എല്ലാം തന്നെ ബിജെപി അംഗത്വത്തിനായി ഉപയോഗിച്ചു എന്നാണ് പരാതി വന്നിരിക്കുന്നത്. ഇതിനെതിരെ പ്രദേശത്ത് പ്രതിഷേധം നടക്കുകയാണ്.