Ajith
തിരുവനന്തപുരം: ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പി. എം.ആര്‍. അജിത്കുമാറിനെതിരേ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിട്ട് സര്‍ക്കാര്‍. സംസ്ഥാന പോലീസ് മേധാവി നല്‍കിയ ശുപാര്‍ശ അംഗീകരിച്ചുകൊണ്ടാണ് സര്‍ക്കാര്‍ ഉത്തരവ്. ഒന്നരയാഴ്ച മുമ്പ് ഡി.ജി.പി. നല്‍കിയ ശുപാര്‍ശയില്‍ ആഭ്യന്തരവകുപ്പിന്റെ തലവനായ മുഖ്യമന്ത്രി പിണറായി വിജയൻ യാതൊരു തീരുമാനവും എടുത്തിരുന്നില്ല. അതിന് പിന്നാലെ സര്‍ക്കാര്‍ നടപടിയെടുക്കാത്തതില്‍ സി.പി.ഐയില്‍ നിന്നുള്‍പ്പെടെ വലിയ വിമര്‍ശനം ഉയര്‍ന്നിരുന്നു.
പ്രതിപക്ഷം കനത്ത വിമർശനമായിരുന്നു ഈ ഘട്ടത്തിൽ മുഖ്യമന്ത്രിക്കെതിരെയും സർക്കാരിനെതിരെയും ഉന്നയിച്ചത്. എന്നാൽ അനങ്ങാപ്പാറ നയം സ്വീകരിച്ച മുഖ്യമന്ത്രി അക്കാര്യത്തിൽ ഒരു നിലപാടും കൈക്കൊണ്ടിരുന്നില്ല. എൽഡിഎഫ് ഘടകകക്ഷിയായ സിപിഐ അജിത് കുമാറിനെതിരെ അന്വേഷണം നടത്താത്തതിൽ കടുത്ത വിമർശനം ഉയർത്തുകയും ചെയ്തിരുന്നു.
അനധികൃത സ്വത്ത് സമ്പാദനവും കെട്ടിട നിര്‍മ്മാണവും ഉള്‍പ്പെടെയുള്ള കാര്യങ്ങളാണ് എ.ഡി.ജി.പിക്കെതിരായ വിജിലന്‍സ് അന്വേഷണത്തിന്റെ പരിധിയില്‍ വരിക. സസ്‌പെന്‍ഷനില്‍ തുടരുന്ന മലപ്പുറം മുന്‍ എസ്.പി. സുജിത്ത് ദാസിനെതിരേയും അന്വേഷണമുണ്ടാകും. അന്വേഷണസംഘത്തെ വെള്ളിയാഴ്ച തീരുമാനിക്കും.