മരംമുറി വിവാദം: ‘കേസെടുക്കില്ല’, സുജിത് ദാസിനെതിരെ വിജിലന്‍സ് അന്വേഷണം

Jaihind Webdesk
Thursday, September 19, 2024

 

തിരുവനന്തപുരം: മലപ്പുറം എസ്പി ക്യാംമ്പ് ഓഫിസിൽനിന്നു മരം മുറിച്ചെന്ന പരാതിയിൽ മുൻ എസ്പി സുജിത് ദാസിനെതിരെ വിജിലൻസ് അന്വേഷണം. കേസെടുക്കാതെയുള്ള പ്രാഥമിക അന്വേഷണമാകും നടത്തുക. വിജിലൻസ് ഡയറക്ടർക്ക് ലഭിച്ച പരാതി തിരുവനന്തപുരം യൂണിറ്റ് അന്വേഷിക്കും.

നിലമ്പൂര്‍ എംഎല്‍എ പി.വി. അന്‍വറുമായുള്ള വിവാദ ഫോണ്‍ സംഭാഷണത്തിനു പിന്നാലെ സുജിത് ദാസിനെ സസ്പെൻഡ് ചെയ്തിരുന്നു. എഡിജിപി എം.ആര്‍. അജിത്കുമാറിനെ കുറിച്ചും മറ്റ് ഉദ്യോഗസ്ഥരെ കുറിച്ചും സുജിത് നടത്തിയ വെളിപ്പെടുത്തലുകള്‍ പോലീസ് സേനയ്ക്ക് അപമാനമായെന്നു വിലയിരുത്തിയായിരുന്നു സസ്പെൻഷൻ.

മലപ്പുറം എസ്പി ആയിരിക്കെ ക്യാമ്പ് ഓഫീസ് പരിസരത്തെ മരങ്ങൾ സുജിത് ദാസും എഡിജിപി എം.ആർ അജിത്കുമാറും ചേര്‍ന്ന് മുറിച്ചുവെന്നായിരുന്നു പരാതി. അതേസമയം സംസ്ഥാനത്തെ ക്രമസമാധാന ചുമതലയുള്ള പോലീസ് മേധാവിയായ അജിത്കുമാറിനെതിരെ ഇതുവരെ സംസ്ഥാന സർക്കാർ യാതൊരു നടപടിയും എടുത്തിട്ടില്ല.

എസ്പി ക്യാംമ്പ് ഓഫിസിലെ മരംമുറിച്ച് കടത്തിയെന്ന പരാതി പിന്‍വലിച്ചാല്‍ ജീവിതകാലം മുഴുവന്‍ താന്‍ കടപ്പെട്ടിരിക്കുമെന്ന് പി.വി.അന്‍വറിനോട് സുജിത് ദാസ് പറയുന്ന ഓഡിയോ ആണ് പുറത്തായത്. എസ്പിയുടെ ക്യാംമ്പ് ഹൗസില്‍നിന്ന് മരങ്ങള്‍ കടത്തിയെന്ന പരാതി പിന്‍വലിക്കാനാണ് അൻവറിനെ സ്വാധീനിക്കാന്‍ സുജിത് ശ്രമിച്ചത്. എസ്പിയുടെ ക്യാംമ്പ് ഓഫിസിലുണ്ടായിരുന്ന ഒരു തേക്കും മഹാഗണിയും മുറിച്ചുമാറ്റിയെന്നാണു കണ്ടെത്തൽ.