തിരുവനന്തപുരം: ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്ത് നിന്ന് എം.ആർ.അജിത് കുമാറിനെ മാറ്റണമെന്ന നിലപാട് കടുപ്പിച്ച് സി പി ഐ. ഇടതു നയത്തിൽ നിന്നും നേതൃത്വം വ്യതിചലിക്കരുത് എന്ന മുന്നറിയിപ്പുമായി ജനയുഗത്തിൽ ലേഖനം എഴുതിയാണ് സിപിഐ ദേശീയ നിർവാഹകസമിതി അംഗം കെ. പ്രകാശ് ബാബു ഈ ആവശ്യം ഉയർത്തിയിരിക്കുന്നത്. ലേഖനത്തിലൂടെ എഡിജിപിയെ സംരക്ഷിക്കുന്ന മുഖ്യമന്ത്രിക്കെതിരെ പരസ്യ പ്രതികരണത്തിലേക്ക് സിപിഐ നീങ്ങുകയാണ്.
ആർഎസ്എസ് നേതാക്കളുമായി എഡിജിപി രഹസ്യ കൂടിക്കാഴ്ച നടത്തിയത് എന്തിനാണെന്നറിയണമെന്നാവശ്യപ്പെട്ടും, കൂടിക്കാഴ്ച ഔദ്യോഗികം ആയിരുന്നോ വ്യക്തിപരമായിരുന്നോ എന്ന ചോദ്യങ്ങൾ ഉയർത്തിയുമാണ് സിപിഐ പരസ്യമായി രംഗത്തെത്തിയിരിക്കുന്നത്. രാഷ്ട്രീയ നയത്തിൽ നിന്ന് ഇടത് നേതൃത്വം വ്യതിചലിക്കരുത് എന്ന മുന്നറിയിപ്പുമായാണ് എഡിജിപി അജിത് കുമാറിനെ മാറ്റണമെന്ന ആവശ്യം സിപിഐ പരസ്യമായി ഉയർത്തുന്നത്.
ആർഎസ്എസ് നേതാക്കളുമായി രഹസ്യ കൂടിക്കാഴ്ച നടത്തിയത് എന്തിനെന്ന് രേഖാമൂലം എഡിജിപി പോലീസ് മേധാവിയേയോ ആഭ്യന്തരവകുപ്പിനെയോ അറിയിക്കണമെന്ന് സിപിഐ ദേശീയ നിർവ്വാഹകസമിതി അംഗം പ്രകാശ് ബാബു ആവശ്യപ്പെട്ടു. എം. ആർ. അജിത് കുമാർ ഇടതുപക്ഷ സർക്കാരിനെ പ്രതിസന്ധിയിലാക്കിയെന്നും പ്രകാശ് ബാബു ജനയുഗത്തിൽ എഴുതിയ ലേഖനത്തിൽ വിലയിരുത്തുന്നു.
സർക്കാരിന്റെ ജനപക്ഷ നിലപാടിനെ ബോധ്യപ്പെടാത്ത ഉദ്യോഗസ്ഥൻ സർക്കാരിനെ പ്രതിസന്ധിയിലെത്തിക്കുമെന്നും അത്തരം അവസ്ഥയാണ് എഡിജിപി വരുത്തിവെച്ചതെന്നും പ്രകാശ് ബാബു വിമര്ശിച്ചു. കഴിഞ്ഞ ഇടതുമുന്നണി യോഗത്തിൽ എഡിജിക്കെതിരെ നടപടിക്ക് സിപിഐ ശക്തമായി വാദിച്ചെ ങ്കിലും മുഖ്യമന്ത്രി വഴങ്ങിയിരുന്നില്ല. യോഗത്തിൽ എഡിജിപിയുടെ ആർഎസ്എസ് സന്ദർശന വിവാദം ഡിജിപി അന്വേഷിക്കുമെന്ന് മുഖ്യമന്ത്രി ഉറപ്പു നൽകിയെങ്കിലും അതിനുള്ള തുടർ നടപടികളും പിന്നീട് ഉണ്ടായില്ല. ഇതോടെയാണ് സിപിഐ പാർട്ടി മുഖപത്രത്തിലൂടെ എഡിജിപിയെ സംരക്ഷിക്കുന്ന മുഖ്യമന്ത്രിക്കെതിരെ പരസ്യ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുന്നത്.