തിരുവനന്തപുരം: വയനാട് ദുരന്തവുമായി ബന്ധപ്പെട്ട് കേരളത്തിന് വേണ്ടത് പ്രത്യേക പാക്കേജെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്. ഊതിപ്പെരുപ്പിച്ച കണക്ക് കൊടുത്താല്‍ കേന്ദ്ര സര്‍ക്കാര്‍ പണം നല്‍കില്ലെന്നും അദ്ദേഹം പറഞ്ഞു.വയനാട് ദുരന്തനിവാരണവുമായി ബന്ധപ്പെട്ട മെമ്മോറാണ്ടം തയാറാക്കിയതില്‍ ഗുരുതര തെറ്റുണ്ട്. അത് പ്രതിപക്ഷം ചൂണ്ടിക്കാണിക്കണ്ടേ, മാധ്യമങ്ങള്‍ തെറ്റായി പറഞ്ഞെത് എന്നാണ് സി.പി.എം സെക്രട്ടേറിയറ്റ് പറയുന്നത്. മൃതദേഹങ്ങള്‍ സംസ്ക്കരിക്കാന്‍ എച്ച്.എം.എല്‍ ആണ് സൗജന്യമാണ് സ്ഥലം നല്‍കിയത്. കുഴി കുഴിച്ചത് സന്നദ്ധ പ്രവര്‍ത്തകരാണ്. ഒരു രൂപ പോലും സര്‍ക്കാരിന് ചെലവായിട്ടില്ല. സന്നദ്ധ പ്രവര്‍ത്തകരും സംഘടനങ്ങളും വീടുകളിലേക്ക് സാധനങ്ങള്‍ നല്‍കിയതിന്റെ പോലും കണക്കുകള്‍ എഴുതി വച്ചാല്‍ വിശ്വാസ്യതയാണ് ഇല്ലാതാകുന്നത്. വയനാട് ദുരിതാശ്വാസത്തിന് പ്രതിപക്ഷം എല്ലാ പിന്തുണയും നല്‍കിയിട്ടുണ്ട്. സര്‍ക്കാരിനെ പ്രതിക്കൂട്ടില്‍ നിര്‍ത്താവുന്ന നൂറു കാര്യങ്ങളുണ്ടെങ്കിലും ദുരന്തം ഉണ്ടാകുമ്പോള്‍ പ്രതിപക്ഷവും സര്‍ക്കാരും ഒപ്പമുണ്ടെന്ന ആത്മവിശ്വാസം ജനങ്ങള്‍ക്ക് നല്‍കുകയെന്ന പുതിയൊരു സംസ്ക്കാരത്തിനാണ് തങ്ങള്‍ തുടക്കമിട്ടത് എന്നും അദ്ദേഹം പറഞ്ഞു.
എസ്.ഡി.ആര്.എഫ് അനുസരിച്ച് മെമ്മോറാണ്ടം തയാറാക്കി പ്രത്യേക പാക്കേജ് ആവശ്യപ്പെടുകയാണ് വേണ്ടത്. എന്തിനാണ് ഇല്ലാത്ത കാര്യങ്ങള്‍ എഴുതി വയ്ക്കുന്നത്. ചിലരെ മുഖ്യമന്ത്രി അമിതമായി വിശ്വസിക്കുന്നതാണ് അപകടം വരുത്തി വയ്ക്കുന്നത്. പെരുപ്പിച്ച കണക്കുകളുമായി റിപ്പോര്‍ട്ട് നല്കിയാല് പണം കിട്ടില്ല എന്നും പ്രതിപക്ഷനേതാവ് വ്യക്തമാക്കി.