രാഹുല്‍ ഗാന്ധിക്കെതിരായ ബിജെപി നേതാക്കളുടെ പ്രസ്താവനയില്‍ പ്രധാനമന്ത്രി ഇടപെടണം; പ്രധാനമന്ത്രിക്ക് കത്ത് നല്‍കി കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഖെ

Jaihind Webdesk
Tuesday, September 17, 2024

ഡല്‍ഹി: ലോക്‌സഭ പ്രതിപക്ഷനേതാവ് രാഹുല്‍ ഗാന്ധിക്കെതിരെ ബിജെപി നേതാക്കള്‍ നടത്തുന്ന പ്രസ്താവനകളില്‍ കര്‍ശന നടപടി വേണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഖെ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്ത് നല്‍കി. അച്ചടക്കമില്ലായ്മയും മര്യാദകേടും കാണിക്കുന്ന നേതാക്കളെ നിയന്ത്രിക്കണമെന്നും ഖാര്‍ഖെ കത്തില്‍ ചൂണ്ടിക്കാട്ടുന്നു.

ഉത്തര്‍ പ്രദേശില്‍ നിന്നുള്ള ബിജെപിയുടെ ഒരു ജനപ്രതിനിധി രാഹുല്‍ ഗാന്ധിയെ തീവ്രവാദിയെന്നാണ് വിശേഷിപ്പിച്ചത്. കഴിഞ്ഞ ദിവസം മഹാരാഷ്ട്രയിലെ ഒരു ഭരണപക്ഷ എംഎല്‍എ രാഹുല്‍ ഗാന്ധിയുടെ നാവരിയുന്നവര്‍ക്ക് 11 ലക്ഷം രൂപ പ്രതിഫലം പ്രഖ്യാപിക്കുകയും ചെയ്തു. ഇത് അംഗീകരിക്കാന്‍ കഴിയുന്നതല്ല. അഹിംസയുടെയും സ്‌നേഹത്തിന്റെയും കൂടിച്ചേരലാണ് ഇന്ത്യന്‍ സംസ്‌കാരം. എന്നാല്‍ ബിജെപി നേതാക്കളുടെ ഭാഗത്തുനിന്നുമുണ്ടാകുന്നത് ഒരിക്കലും അംഗീകരിക്കാനാകാത്ത പരാമര്‍ശങ്ങളാണ്. ഇതില്‍ പ്രധാനമന്ത്രി ഇടപെട്ട് കര്‍ശന നടപടി സ്വീകരിക്കണമെന്നും കോണ്‍ഗ്രസ് അധ്യക്ഷന്‍ കത്തില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്.

രാഹുല്‍ ഗാന്ധിക്കെതിരെ വളരെ മോശം പരാമര്‍ശങ്ങളും, വധഭീഷണികളുമാണ് ബിജെപി നേതാക്കളുടെ ഭാഗത്തു നിന്നുമുണ്ടാകുന്നത്. ഈ അവസരത്തിലാണ് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഖെ പ്രധാനമന്ത്രിക്ക് കത്ത് നല്‍കിയത്.