തിരുവനന്തപുരം: ഏറ്റവും മികച്ച കുടിവെള്ള വിതരണത്തിനും സെപ്റ്റേജ് മാലിന്യം മികച്ച രീതിയില്‍ ശേഖരിച്ച് ശാസ്ത്രീയമായി സംസ്കരണം ചെയ്യുന്നതിനുമുള്ള പുരസ്കാരങ്ങള്‍ തിരുവനന്തപുരം നഗരസഭയ്ക്ക് ലഭിച്ചിരിക്കുകയാണ്. നഗരത്തില്‍ ജനങ്ങള്‍ക്ക് മികച്ച സേവനങ്ങളുമായി നഗരസഭ മുന്നോട്ട് പോകുന്നു എന്ന കുറിപ്പിനൊപ്പമാണ് ഈ വാര്‍ത്ത മേയര്‍ ആര്യ രാജേന്ദ്രന് സമൂഹമാധ്യമത്തില്‍ പങ്കുവച്ചിരിക്കുന്നത്.
തൊട്ടുപിന്നാലെ ട്രോള്‍ പെരുമഴയാണ്. ആമയിഴഞ്ചാന്‍ തോടില്‍ ശുചീകരണ തൊഴിലാളിലാളി അപകടത്തില്‍ മരിച്ചതും, തിരുവനന്തപുരം നഗരത്തില്‍ കുടിവെള്ളവിതരണം മുടങ്ങിയതും ചൂണ്ടിക്കാട്ടിയാണ് സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനം ഉയരുന്നത്. നഗരത്തില്‍ ശക്തമായ മഴ പെയ്താല്‍മതി വെള്ളം കയറാന്‍. വെള്ളം കയറിയാലോ മാലിന്യക്കൂമ്പാരത്തിന്റെ രൂക്ഷഗന്ധവും.
ദിവസങ്ങള്‍ക്ക് മുന്‍പായിരുന്നു തലസ്ഥാനത്ത് കുടിവെള്ള പ്രശ്നം അതിരൂക്ഷമായി ഉണ്ടായത്. അന്ന് ഉദ്യോഗസ്ഥരുടെ തലയിലിട്ട് രക്ഷപ്പെടുന്ന ഭരണകൂടത്തെയും കേരളം കണ്ടു. പോരാത്തതിന് തിരുവനന്തപുരം നഗരസഭക്കെതിരെ അഴിമതി ആരോപണങ്ങള്‍ വേറെയും. ഈ ഘട്ടത്തിലാണോ ഈ പുരസ്കാരങ്ങള്‍ വാരിക്കോരി കൊടുത്തത് എന്നാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്ന ചോദ്യം.