മാധ്യമ വിചാരണയും, സ്വകാര്യതയിലേക്ക് കടന്നുകയറ്റവും; റിപ്പോര്‍ട്ടര്‍ ചാനലിനെതിരെ മുഖ്യമന്ത്രിക്ക് പരാതി നല്‍കി ഡബ്ല്യൂസിസി

Jaihind Webdesk
Monday, September 16, 2024

തിരുവനന്തപുരം: റിപ്പോര്‍ട്ടര്‍ ചാനലിനെതിരെ മുഖ്യമന്ത്രി പിണറായി വിജയന് പരാതി നല്‍കി മലയാള സിനിമയിലെ വനിതാ കൂട്ടായ്മയായ വിമെന്‍ ഇന്‍ സിനിമാ കളക്ടീവ്. കോടതി വിധി ലംഘിച്ച് സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമാണ് റിപ്പോര്‍ട്ടര്‍ ചാനല്‍ നടത്തിയിരിക്കുന്നത്. സ്വകാര്യതയെ അവഹേളിക്കുന്ന വാര്‍ത്ത ആക്രമണം തടയണം. ഇപ്പോള്‍ നടക്കുന്നത് നിരുത്തരവാദപരമായ മാധ്യമ വിചാരണയാണെന്നും വനിതാ കൂട്ടായ്മ പറഞ്ഞു.

ഹേമ കമ്മറ്റി റിപ്പോര്‍ട്ടിലെ സ്വകാര്യമായ മൊഴികള്‍ ചാനല്‍ സംപേക്ഷണം ചെയ്യുന്നതിനെതിരെ മുഖ്യമന്ത്രിയുടെ ഇടപെടല്‍ വേണമെന്നാണ് ഡബ്ല്യൂസിസിയുടെ ആവശ്യം. മുഖ്യമന്ത്രിക്ക് സോഷ്യല്‍ മീഡിയയിലൂടെ തുറന്ന കത്തെഴുതിയാണ് നടപടി ആവശ്യപ്പെട്ടിരിക്കുന്നത്.

ഡബ്ല്യൂസിസിയുടെ തുറന്ന കത്തിന്റെ പൂര്‍ണരൂപം

താങ്കള്‍ നിയോഗിച്ച ഹേമ കമ്മറ്റി മുമ്പാകെ സിനിമയില്‍ പണിയെടുക്കുന്ന സ്ത്രീകള്‍ നല്‍കിയ മൊഴികള്‍ ഇപ്പോള്‍ സ്‌പെഷല്‍ ഇന്‍വസ്റ്റിഗേഷന്‍ ടീമിന്റെ പരിധിയിലേക്ക് കൊണ്ടു വന്നതോടെ കോടതി ഉത്തരവ് പോലും ലംഘിച്ച് റിപ്പോര്‍ട്ടര്‍ ചാനലിലൂടെ നിരുത്തരവാദപരമായ മാധ്യമ വിചാരണകളിലേക്ക് വലിച്ചിഴയ്ക്കപ്പെട്ടിരിക്കുന്ന സാഹചര്യം ഉണ്ടായിരിക്കുകയാണ്.

ഈ ആശങ്ക പങ്കുവക്കാനാണ് ഞങ്ങള്‍ താങ്കളെ നേരില്‍ കണ്ട് കാര്യങ്ങള്‍ ബോധിപ്പിച്ചത്. എന്നാല്‍ പീഡിപ്പിക്കപ്പെട്ടവരുടെ സ്വകാര്യത മാനിച്ച് പുറത്തുവിടരുതെന്ന് ഹേമ കമ്മറ്റിയും സര്‍ക്കാറും കോടതിയും തീരുമാനിച്ച ഏറ്റവും സ്വകാര്യമായ മൊഴികള്‍ ഇപ്പോള്‍ റിപ്പോര്‍ട്ടര്‍ ചാനലിലൂടെ എത്തുന്നത് കമ്മറ്റി റിപ്പോര്‍ട്ട് കൈവശമുള്ള ചിലരുടെയെങ്കിലും നീക്കങ്ങളെ സംശയാസ്പദമാക്കിയിരിക്കുന്നു.

പുറത്തുവിടുന്ന വിവരങ്ങള്‍ മൊഴി കൊടുത്തവര്‍ ആരാണെന്ന് പുറം ലോകത്തിന് തിരിച്ചറിയാന്‍ പാകത്തിലാണ്. പീഡിപ്പിക്കപ്പെട്ടവര്‍ക്കൊപ്പം എന്ന പ്രതീതി ജനിപ്പിക്കുന്ന ഈ പ്രവൃത്തി അതിന് വിധേയരായ സ്ത്രീ ജീവിതങ്ങളെ ദുരിത പൂര്‍ണ്ണവും കടുത്ത മാനസീക സമ്മര്‍ദ്ദത്തിലാക്കുകയും ചെയ്യുന്നു. സ്വകാര്യതക്കെതിരായ ഈ കടന്നാക്രമണം അന്യായമാണ്. ഇക്കാര്യത്തില്‍ താങ്കള്‍ അടിയന്തരമായി ഇടപെട്ട് സ്വകാര്യതയെ അവഹേളിക്കുന്ന ആ വാര്‍ത്ത ആക്രമണം തടയണമെന്ന് ഞങ്ങള്‍ ശക്തമായി ആവശ്യപ്പെടുന്നു.