യെച്ചൂരിക്ക് പകരമാര്? ഉത്തരമില്ലാതെ സിപിഎം; കൂട്ടായി ചുമതല വഹിക്കാന്‍ തീരുമാനം

Jaihind Webdesk
Sunday, September 15, 2024

ഡല്‍ഹി: സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി വിടവാങ്ങിയതോടെ സിപിഎമ്മിനെ ഇനി ആര് നയിക്കും എന്ന ചോദ്യങ്ങളാണ് ഉയരുന്നത്. അതിന് കൃത്യമായ ഉത്തരമില്ല എന്നു തന്നെയാണ് വ്യക്തമാകുന്നത്. യെച്ചൂരിയുടെ വിടവാങ്ങലിന് പിന്നാലെ പകരം ചുമതലകള്‍ ആര്‍ക്കും നല്‍കിയിട്ടുമില്ല. നേതാക്കള്‍ കൂട്ടായി ചുമതല നിര്‍വഹിക്കാനാണ് നിലവിലെ തീരുമാനം.

യെച്ചൂരിക്ക് പകരം നേതാക്കളെ തിരഞ്ഞെടുക്കാന്‍ സിപിഎമ്മിന് വളരെ വേഗം സാധിക്കും. എന്നാല്‍ യെച്ചൂരിക്ക് ഉള്ള പൊതു സ്വീകാര്യത പാര്‍ട്ടിയിലെ ഒരു നേതാവിനും ഇല്ല എന്നതാണ് സിപിഎമ്മിനെ അലട്ടുന്ന പ്രധാന കാര്യം. 2024 ലോക്‌സഭ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസുമായി ചേര്‍ന്നു നിന്നുകൊണ്ട് ഇന്ത്യാസഖ്യ രൂപീകരണത്തിലടക്കം യെച്ചൂരി പ്രവര്‍ത്തിച്ചു. പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയുമായി വളരെ അടുത്ത ബന്ധമാണ് യെച്ചൂരിക്കുള്ളത്. കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന മുന്നണിക്ക് മാത്രമേ രാജ്യത്തെ രക്ഷിക്കാന്‍ കഴിയൂ എന്ന് അദ്ദേഹം തന്നെ നിരവധിതവണ പറയുകയും ചെയ്തിട്ടുണ്ട്.

ഈ മാസം അവസാനം പോളിറ്റ്ബ്യൂറോ, കേന്ദ്ര കമ്മിറ്റി യോഗങ്ങളുണ്ട്. ജനറല്‍ സെക്രട്ടറിയുമായി ബന്ധപ്പെട്ട തീരുമാനം ഈ യോഗങ്ങളില്‍ ഉണ്ടാകുമെന്നാണ് സൂചന. എന്നിരുന്നാലും ദേശീയതലത്തില്‍ എല്ലാ പാര്‍ട്ടികളെയും ഒരുമിച്ചു കൊണ്ടുപോകുന്ന നേതാവിനെ കിട്ടുക എന്നതുതന്നെയാണ് സിപിഎം നേരിടുന്ന വെല്ലുവിളി.

പിബി അംഗങ്ങളായ എം.എ.ബേബി, വൃന്ദ കാരാട്ട് എന്നിവരുടെ പേരുകള്‍ ഉയര്‍ന്നിട്ടുണ്ട്. വൃന്ദ കാരാട്ടിന് പ്രായപരിധി തടസമാകുന്നുണ്ട്. ഇപ്പോള്‍ തന്നെ അവര്‍ക്ക് 76 വയസായി. 75 കഴിഞ്ഞാല്‍ നേതൃത്വത്തില്‍ നിന്നും മാറി നില്‍ക്കുന്നതാണ് സിപിഎമ്മിലെ രീതി. താത്കാലിക ഉത്തരവാദിത്തമെങ്കിലും വൃന്ദയ്ക്ക് നല്‍കുമെന്ന് പ്രതീക്ഷിച്ചവര്‍ പാര്‍ട്ടിയില്‍ ഒരുപാട് പേരുണ്ട്. അങ്ങനെയെങ്കില്‍ സിപിഎമ്മിന്റെ ജനറല്‍ സെക്രട്ടറി പദവിയില്‍ എത്തുന്ന ആദ്യ വനിതയായി വൃന്ദ മാറുമായിരുന്നു. തീരുമാനത്തിന് സിപിഎം സമയം എടുക്കുകയാണ്. അതാണ് തത്ക്കാലം കൂട്ടായ ചുമതല എന്ന തീരുമാനം വന്നത്.