ജമ്മു കശ്മീര്‍ ആദ്യഘട്ട തിരഞ്ഞെടുപ്പിന് ഇനി മൂന്നു നാള്‍, പ്രചാരണം ശക്തമാക്കി പാര്‍ട്ടികള്‍

Jaihind Webdesk
Sunday, September 15, 2024

ഡല്‍ഹി: രാജ്യം വീണ്ടുമൊരു തിരഞ്ഞെടുപ്പിലേത്ത് നടന്നടുക്കുകയാണ്. ഹരിയാനയിലും ജമ്മു കശ്മീരിലുമാണ് ആദ്യം തിരഞ്ഞെടുപ്പ് നടക്കുക. ജമ്മു കശ്മീരിലെ ആദ്യഘട്ട നിയമസഭാ തെരഞ്ഞെടുപ്പിന് ഇനി മൂന്നു നാളാണ് ശേഷിക്കുന്നത്. 18ന് നടക്കുന്ന വോട്ടെടുപ്പില്‍ 24 മണ്ഡലങ്ങള്‍ ജനവിധി എഴുതും. 10 വര്‍ഷത്തിന് ശേഷം നടക്കുന്ന ജമ്മു കശ്മീര്‍ നിയമസഭാ തെരഞ്ഞെടുപ്പിന് കശ്മീര്‍ പൂര്‍ണമായും ഒരുങ്ങിക്കഴിഞ്ഞു. റോഡ് ഷോയും വീടുകള്‍ കയറിയുള്ള പ്രചാരണവും ആണ് സ്ഥാനാര്‍ഥികള്‍ നടത്തുന്നത്.

കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഖെയും ലോക്‌സഭ പ്രതിപക്ഷനേതാവ് രാഹുല്‍ ഗാന്ധിയും പ്രചാരണത്തിനായി ജമ്മുകശ്മീരില്‍ എത്തിയിരുന്നു. കേന്ദ്രസര്‍ക്കാരിനെതിരെ ശക്തമായ ഭരണവിരുദ്ധവികാരം നിലനില്‍ക്കുന്നതും, ബിജെപിക്ക് തിരിച്ചടിയാവുകയാണ്. ബിജെപിയുടെ പ്രചാരണത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദിയും എത്തിയിരുന്നു.

ദൂരുവില്‍നിന്ന് മത്സരിക്കുന്ന കോണ്‍ഗ്രസ് മുന്‍ കശ്മീര്‍ പ്രസിഡന്റ് ഗുലാം അഹമ്മദ് മിര്‍, ബിജ്‌ബെഹറയില്‍ മത്സരിക്കുന്ന മെഹബൂബ മുഫ്തിയുടെ മകള്‍ ഇല്‍ത്തിജ മുഫ്തി, കുല്‍ഗ്രാമില്‍ നിന്ന് മത്സരിക്കുന്ന സിപിഎം കേന്ദ്ര കമ്മിറ്റി അംഗം മുഹമ്മദ് യൂസുഫ് തരിഗാമി എന്നിവയാണ് ആദ്യഘട്ടത്തിലെ പ്രമുഖ സ്ഥാനാര്‍ഥികള്‍.