തിരുവനന്തപുരം: മനസുകളില്‍ പ്രസാദാത്മകത നിറയ്ക്കുന്ന പ്രതീക്ഷകളുടെ പൂക്കാലം. അതാണ് ഓണം. ഓണത്തിന്റെ അവസാനവട്ട ഒരുക്കങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ നാടും നഗരവും ഒരുങ്ങുകയായി. ഓണത്തിന്റെ ആരവവും ആര്‍പ്പു വിളികളും നിറഞ്ഞ അന്തരീക്ഷത്തിലേക്ക് കൈപിടിച്ച് നടത്തുകയാണ് ഉത്രാട ദിനം. ഓണഘോഷത്തിന്റെ ഒന്‍പതാംനാള്‍. ഒരു രാവിനപ്പുറം തിരുവോണത്തെ വരവേല്‍ക്കാന്‍ മലയാളനാട് ഒരുങ്ങിക്കഴിഞ്ഞു.
തിരുവോണദിവസം തന്നെയാണ് ആഘോഷത്തിമിര്‍പ്പു മുഴുവന്‍. എങ്കിലും ഉത്രാടത്തിന്റെ അതായത് ഒന്നാം ഓണത്തിന്റെ ആവേശം വേറെ തന്നെയാണ്. ഓണവിഭവങ്ങള്‍ സംഘടിപ്പിക്കാനുള്ള തത്രപ്പാടിലായിരിക്കും ഇന്ന് എല്ലാവരും. തിരുവോണത്തിന് ഗംഭീര സദ്യ തയ്യാറാക്കാന്‍ ആവശ്യമായ പച്ചക്കറികളും മറ്റ് വിഭവങ്ങളും വാങ്ങുന്നതിനായി ഓണത്തിന്റെ തലേന്ന് കുടുംബാംഗങ്ങള്‍ ചന്തയിലേക്ക് പോകും. ഇതിനെ പൊതുവേ ‘ഉത്രാടപ്പാച്ചില്‍’ എന്നാണ് വിളിക്കുന്നത്.
ഓണനിലാവ് എന്നു പ്രസിദ്ധമായ അങ്ങേയറ്റം ഹൃദയഹാരിയായ രാത്രി സൗകുമാര്യം അനുഭവവേദ്യമാകുന്നതും ഉത്രാട നാളിലാണ്. ഉത്രാട ദിനം ഇരുട്ടി വെളുക്കുന്നത് പൊന്നിന്‍ ചിങ്ങത്തിലെ തിരുവോണ നാളിലേക്കാണ്. തിരുവോണ ദിനത്തെ അവിസ്മരണീയമാക്കാനുള്ള അവസാനവട്ട ഓട്ടത്തിലാണ് ഈ ദിനം മലയാളി.
കിഴക്കേ മുറ്റത്ത് ചാണകം മെഴുകിയ തറയില്‍ ഓരോ ദിവസവും വലുതായി വരുന്ന പൂക്കളം. ഈ പൂക്കളം ഏറ്റവും വലുതാകുന്ന ദിവസമാണ് ഉത്രാട ദിനം. ഈ ദിവസം ഇഷ്ടമുള്ള പൂക്കള്‍കൊണ്ട് പൂക്കളമൊരുക്കാം. ഉത്രാടപ്പകലാകുമ്പോഴേക്കും തട്ടിന്‍പുറത്ത് നിന്ന് മരംകൊണ്ടുള്ള ഓണത്തപ്പന്‍മാര്‍ താഴെ ഇറങ്ങും. അവരെ തേച്ചുരച്ച് കുളിപ്പിച്ച് നാലുകെട്ടില്‍ നിരത്തി ഇരത്തും. ഞങ്ങളാണ് കാരണവന്‍മാര്‍ എന്ന തികഞ്ഞ ഭാവത്തോടെയിരിക്കുന്ന അവരെ പിറ്റേ ദിവസം വെളുപ്പിന് അരിമാവ് അണിയിച്ച് ചന്ദനക്കുറി തൊടുവിച്ച് തുമ്പക്കുടവും ചെത്തിപ്പൂവും ചൂടിച്ച് കിഴക്കേ മുറ്റത്തും നാലുകെട്ടിലും നടുമുറ്റത്തുമെല്ലാം കുടിയിരുത്തും.
തിരുവോണത്തിന് നാലഞ്ച് ദിവസം മുമ്പ് തന്നെ വീട്ടിലെ പാത്രങ്ങളും വിളക്കുകളും മറ്റും തേച്ചു മിനുക്കി വയ്ക്കും. പുളിയും ചാരവുമൊക്കെ ഉപയോഗിച്ചാണ് വൃത്തിയാക്കല്‍ നടത്തുക. ഇങ്ങനെ കഴുകി വൃത്തിയാക്കുന്ന വിളക്കുകളില്‍ വലുത് ഒരെണ്ണമെടുത്ത് ഉത്രാട ദിവസം വൈകുന്നേരം നിറയെ എണ്ണയൊഴിച്ച് കത്തിക്കും. പൂക്കള്‍ ഉപയോഗിച്ച് വിളക്ക് അലങ്കരിക്കുകയും ചെയ്യുന്നു. ഉത്രാട വിളക്കെന്നാണ് ഈ ചടങ്ങിനെ വിളിച്ചു പോരുന്നത്.
കാണംവിറ്റും ഓണമുണ്ണണം എന്ന പഴമൊഴി ഓണസദ്യയുടെ പ്രാധാന്യം വിളിച്ചോതുന്നു. എരിവും മധുരവും പുളിയും എല്ലാം കലര്‍ന്ന്, ആരോഗ്യപരിപാലനത്തിനുചിതമായി ഒരുക്കുന്ന ഓണസദ്യ അതി കേമമാണ്. കായും ചേനയും മത്തനും ഇളവനും പയറുമെല്ലാം കൂട്ടി ഒരു ഐക്യമുന്നണി സ്ഥാപിക്കുന്ന ഓണസദ്യ മലയാളിക്ക് മറക്കാനാകില്ല. സദ്യയ്ക്കാവശ്യമായ ഉപ്പേരി, പുളി ഇഞ്ചി, വിവിധ തരം അച്ചാറുകള്‍ എന്നിവയുടെ നിര്‍മ്മാണം പൂര്‍ത്തിയാക്കുന്നതും ഉത്രാടം ദിനത്തിലാണ്.
തിരുവോണത്തെ വരവേല്‍ക്കാന്‍ മണിക്കൂറുകള്‍ മാത്രം ശേഷിക്കെ ഉത്രാടപ്പാച്ചിലിലേക്ക് കടക്കുകയാണ് മലയാളി..