‘അമ്മ’ സംഘടന പിളര്‍പ്പിലേക്കോ? ട്രേഡ് യൂണിയന്‍ ആരംഭിക്കാന്‍ അംഗങ്ങള്‍ ഫെഫ്കയെ സമീപിച്ചു

Jaihind Webdesk
Thursday, September 12, 2024

കൊച്ചി : താര സംഘടനയായ അമ്മ പിളര്‍പ്പിലേക്കെന്ന് സൂചന. 20 ഓളം താരങ്ങള്‍ പുതിയ ട്രേഡ് യൂണിയന്‍ ആരംഭിക്കുന്നതിനായി ഫെഫ്ക്കയെ സമീപിച്ചതായാണ് വിവരം അമ്മ സംഘടനയില്‍ 500 ലധികം അംഗങ്ങളാണുള്ളത്.ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിനെ തുടര്‍ന്ന് അമ്മ എക്സിക്യൂട്ടിവ് കമ്മിറ്റി രാജി വെച്ചിരുന്നു. അതേ സമയം പുതിയ ട്രേഡ് യൂണിയന്‍ ആരംഭിക്കുന്നതിനായുള്ള സാധ്യതകളാണ് താരങ്ങള്‍ തേടുന്നത്.

ഫെഫ്ക്ക ജനറല്‍ സെക്രട്ടറി ബി ഉണ്ണികൃഷ്ണന്‍ ട്രേഡ് യൂണയന്‍ ആരംഭിക്കുന്നതിനായി താരങ്ങള്‍ സമീപിച്ച കാര്യം സ്ഥിരീകരിച്ചു. തുടര്‍ന്ന് സംഘടന രൂപീകരിച്ച് പേര് വിവരം സഹിതം എത്തിയാല്‍ പരിഗണിക്കാമെന്ന് ഫെഫ്ക്ക നേതൃത്വം അറിയിച്ചു. പുതിയ സംഘടനയെക്കുറിച്ച് ആലോചിക്കുന്നത് അമ്മയുടെ സ്വത്വം നിലനിര്‍ത്തിയാണെന്നും പിളര്‍പ്പിലേക്ക് പോകുന്നുവെന്ന് പറയുന്നത് തെറ്റാണെന്നും ബി ഉണ്ണികൃഷ്ണന്‍ പറഞ്ഞു. താരങ്ങള്‍ ചര്‍ച്ച നടത്തിയത് പല ഘട്ടങ്ങളായിയാണ്.

ഫെഫ്ക്കയില്‍ ഇപ്പോള്‍ 21 യൂണിയനുകളാണുള്ളത്. അതേ സമയം ബൈലോയും പ്രവര്‍ത്തനരീതിയും ബോധ്യപ്പെട്ടാല്‍ മാത്രമേ അംഗീകാരം നല്‍കാന്‍ സാധിക്കുവെന്ന് ഉണ്ണികൃഷ്ണന്‍ പറഞ്ഞു. രണ്ട് തരത്തിലുള്ള സംഘടന പ്രവര്‍ത്തനം സാധ്യമാണ് അമ്മ ട്രേഡ് യൂണിയനല്ലെന്നും ഉണ്ണികൃഷ്ണന്‍ പറഞ്ഞു.