ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പ്; നാമനിർദേശ പത്രിക സമർപ്പിക്കുവാനുള്ള അവസാന തിയതി ഇന്ന്

Jaihind Webdesk
Thursday, September 12, 2024

 

ചണ്ഡീഗഡ്: ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പിന്‍റെ നാമനിർദേശ പത്രിക സമർപ്പിക്കുവാനുള്ള സമയപരിധി ഇന്ന് അവസാനിക്കും. ഒക്ടോബർ 5ന് ഒറ്റ ഘട്ടമായാണ് ഹരിയാനയിൽ തിരഞ്ഞെടുപ്പ്. ഇനി 4 സീറ്റുകളിൽ കൂടി കോൺഗ്രസ് സ്ഥാനാർഥികളെ പ്രഖ്യാപിക്കാനുണ്ട്.

അതേസമയം പുറത്തുവന്ന എല്ലാ സര്‍വ്വേകളിലും കാണുന്നത് കോണ്‍ഗ്രസ് തരംഗമാണ്. പല പ്രമുഖ നേതാക്കന്മാരും ഇതിനോടകം തന്നെ കോണ്‍ഗ്രസിലേക്ക് എത്തുകയും ചെയ്തിട്ടുണ്ട്. ഇത് ബിജെപിയെ വല്ലാതെ അലട്ടുന്നുമുണ്ട്.

ഭരണവിരുദ്ധ വികാരം കൂടി ശക്തമായതോടെ ഹരിയാനയിൽ ബിജെപി നിലംതൊടില്ലെന്നുറപ്പായിരിക്കുകയാണ്. നിരവധി നേതാക്കളാണ് ഇതിനോടകം പാർട്ടിവിട്ടത്. ജി.എൽ ശർമ 250-ലധികം ഭാരവാഹികളുമായിട്ടാണ് കോൺഗ്രസിൽ ചേർന്നത് എന്നതാണ് ശ്രദ്ധേയം. ശർമ്മയ്‌ക്കൊപ്പം ബിജെപിയുടെയും മറ്റ് സംഘടനകളുടെയും നിരവധി പ്രവർത്തകരും കോൺഗ്രസിൽ ചേർന്നു.

സീറ്റ് ലഭിക്കാത്തതിൽ പ്രതിഷേധിച്ചുള്ള നേതാക്കളുടെ ഈ കൊഴിഞ്ഞുപോക്ക് ബിജെപിക്ക്‌ ആശങ്ക സൃഷ്ടിക്കുകയാണ്. അതേസമയം ജമ്മു കശ്മീർ നിയമസഭാ തിരഞ്ഞെടുപ്പ് മൂന്നാംഘട്ടത്തിന്‍റെ നാമ നിർദേശ പത്രിക സമർപ്പിക്കാനുള്ള സമയവും ഇന്ന് അവസാനിക്കും.