തിരുവനന്തപുരം: കേരള രാഷ്ട്രീയത്തെ പിടിച്ചുകുലുക്കുകയാണ് എ.ഡി.ജി.പി എം.ആര് അജിത്കുമാറിന്റെ ആര്.എസ്.എസ് സന്ദര്‍ശനങ്ങള്‍. ആര്‍എസ്എസ് നേതാവ് റാം മാധവിനെ എഡിജിപി എം.ആര്.അജിത്കുമാര്‍ കോവളത്ത് കണ്ടപ്പോള്‍ ഒപ്പമുണ്ടായിരുന്ന മൂന്ന് പേര് ആരാണ് എന്ന ചോദ്യമാണ് പ്രധാനമായും ഉയരുന്നത്. സ്പെഷ്യല്‍ ബ്രാഞ്ചാണ് മൂന്നുപേര്‍ ഒപ്പമുണ്ടായിരുന്നു എന്ന കാര്യം റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെയാണ് ഇവര്‍ ആരാണ് എന്നും എന്താണ് ലക്ഷ്യം എന്നും ചോദ്യം ഉയര്‍ന്നത്.
മുഖ്യമന്ത്രി പിണറായി വിജയന്റെ ബന്ധു, ഒരു വ്യവസായി ഒപ്പം ഇടനിലക്കാരനായ ആര്‍എസ്എസ് നേതാവ് എന്നിവര്‍ കണ്ടതായാണ് സൂചനകള്‍ പുറത്തുവന്നത്. എഡിജിപിയുടെ സന്ദര്‍ശനം വിവാദമായപ്പോള്‍ തന്നെ മൂന്നുപേര്‍ ആരാണ് എന്നതിനെക്കുറിച്ചും അഭ്യൂഹങ്ങള്‍ പ്രചരിച്ചിരുന്നു. ഒപ്പമുണ്ടായിരുന്നു എന്ന് പ്രചരിക്കുന്നവരില് രണ്ടുപേരും ഇക്കാര്യം നിഷേധിച്ചിട്ടുമുണ്ട്. എന്നാല്‍ ഇവരെ കൂട്ടിക്കൊണ്ടുപോയി എന്ന് പറയുന്ന ആര്‍എസ്എസ് നേതാവായ ജയകുമാര്‍ പ്രതികരിക്കാന്‍ തയ്യാറായിട്ടുമില്ല.
ആര്‍എസ്എസ് നേതാവ് റാം മാധവുമായുള്ള കൂടിക്കാഴ്ചയില്‍ എഡിജിപിക്കൊപ്പം ഉണ്ടായിരുന്നവരുടെ പേരുകള്‍ പുറത്തുവന്നാല്‍ കേരളം ഞെട്ടുമെന്നാണ് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന് പറഞ്ഞത്. എഡിജിപിയുടെ ഒപ്പം ഉണ്ടായിരുന്നവര്‍ ആരൊക്കെയാണെന്നും കൂടിക്കാഴ്ചയില്‍ ബിസിനസുകാര്‍ മാത്രമല്ലെന്നുമാണ് അദ്ദേഹം വ്യക്തമാക്കിയത്. ഇതോടെയാണ് ആ മൂന്നുപേര്‍ ആരാണ് എന്നതിനെക്കുറിച്ച് ചോദ്യം ഉയര്‍ന്നത്.
കോവളത്തെ സ്വകാര്യ ഹോട്ടലില്‍ കഴിഞ്ഞ വര്‍ഷമാണ് എഡിജിപി എം.ആര്.അജിത്ത് കുമാര്‍-ആര്‍എസ്എസ് നേതാവ് റാം മാധവ് കൂടിക്കാഴ്ച നടന്നത്. തലസ്ഥാനത്ത് നടന്ന ആര്‍എസ്എസിന്റെ ചിന്തന്‍ ശിബിരത്തിന്റെ സമയത്താണ് ഈ കൂടിക്കാഴ്ച എന്നാണ് പുറത്തുവരുന്ന വിവരം. കഴിഞ്ഞദിവസം മുഖ്യമന്ത്രി തന്റെ ദീര്‍ഘനേര പ്രസംഗത്തില്‍ എഡിജിപിയുടെ കൂടിക്കാഴ്ചയെക്കുറിച്ചോ, ആര്‍എസ്എസ് ബന്ധത്തെക്കുറിച്ചോ ഒന്നും പറഞ്ഞില്ല എന്നതും ശ്രദ്ധേയമാണ്.