ഭോപ്പാൽ: ഗുരുതരാവസ്ഥയിലുള്ള ഹിന്ദു വയോധികയ്ക്കായി രക്തം ദാനം ചെയ്യാനെത്തിനെത്തിയ മുസ്‌ലിം യുവാവിനെ തിരിച്ചയച്ച് സർക്കാർ ആശുപത്രി. അമ്മയുടെ ചികിത്സാ ആവശ്യത്തിനായി സുഹൃത്തുമായി ആശുപത്രിയിലെത്തിയ യുവാവിനോടാണ് അധികൃതര്‍ നിലപാട് വ്യക്തമാക്കിയത്.
മധ്യപ്രദേശിലെ പന്ന ജില്ലയിലാണു സംഭവം. അജയ്ഗഢ് സ്വദേശിയായ പവൻ സോങ്കർ ആണ് അസുഖബാധിതയായ അമ്മയുമായി പന്ന ജില്ലാ ആശുപത്രിയിലെത്തിയത്. ചികിത്സയ്ക്കു രക്തം ആവശ്യമുണ്ടെന്ന് ഡോക്ടർമാർ നിർദേശിച്ചതനുസരിച്ച് പവൻ സുഹൃത്തിനെ വിളിക്കുകയായിരുന്നു. എന്നാൽ, രക്തം നൽകാനെത്തിയത് മുസ്‌ലിമാണെന്നു വ്യക്തമായതോടെ ആശുപത്രി അധികൃതരുടെ മട്ടുമാറി. മുസ്‍ലിമിന്‍റെ രക്തം ഹിന്ദുവിനു നൽകാനാകില്ലെന്ന് അധികൃതർ വ്യക്തമാക്കി.
രോഗിയുടെ കുടുംബം ഇതു ചോദ്യംചെയ്തപ്പോൾ നിലപാടിൽ ഉറച്ചുനിൽക്കുകയായിരുന്നു അധികൃതർ. അതേസമയം, ജൂലൈയിൽ നടന്ന സംഭവത്തിൽ അന്നുതന്നെ പവൻ സോങ്കർ പോലീസിൽ പരാതി നൽകിയിരുന്നെങ്കിലും ഇതുവരെയും നടപടി സ്വീകരിച്ചിട്ടില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.
”സത്യഹിന്ദി’ പുറത്തുവിട്ട പവൻ സോങ്കറും ആശുപത്രിയിലെ ബ്ലഡ് ബാങ്ക് ജീവനക്കാരനും തമ്മിലുള്ള സംഭാഷണം ഇങ്ങനെയാണ്:
പവൻ: ഇവന്‍റെ രക്തം സ്വീകരിക്കാൻ പറ്റില്ലെന്ന് ആരാണു പറഞ്ഞത്?
ജീവനക്കാരൻ: ഞാനാണു പറയുന്നത്. അവർ ഹിന്ദുവല്ലേ.. ഇവൻ മുസ്‌ലിമുമാണ്.
പവൻ: അതിലെന്താണു പ്രശ്‌നം?
ജീവനക്കാരൻ: പ്രശ്‌നമുണ്ട്. രക്തദാനത്തിനെത്തിയയാൾ ഇവിടെ വന്നാൽ ഞങ്ങളുടെ ജോലി പോകും.
പവൻ: അങ്ങനെയാണെങ്കിൽ മുസ്‌ലിമിന്‍റെ രക്തം ഹിന്ദുവിനു നൽകാനാകില്ലെന്ന് രേഖാമൂലം എഴുതിത്തരൂ…
ജീവനക്കാരൻ: ഇത് ഹിന്ദു-മുസ്‌ലിം വിഷയമല്ല. രക്തത്തിന്‍റെ കാര്യമാണ്.
പവൻ: രക്തദാനത്തിനെത്തിയയാൾക്ക് ഒരു പ്രശ്‌നവുമില്ലെങ്കിൽ പിന്നെ നിങ്ങൾക്കു മാത്രമെന്താണ് കുഴപ്പം?