‘കോഴിയെ കാണാതായത് അന്വേഷിക്കാന്‍ കുറുക്കനെ വച്ചത് പോലെ’; പൂരം കലക്കിയ ആള്‍ തന്നെ അന്വേഷിക്കുന്നു, കെ. മുരളീധരന്‍

Jaihind Webdesk
Monday, September 9, 2024

 

തിരുവനന്തപുരം: എഡിജിപി എം.ആര്‍ അജിത് കുമാറും ആര്‍എസ്എസ് നേതാക്കളും തമ്മില്‍ നടത്തിയ കൂടിക്കാഴ്ചയില്‍ മുഖ്യമന്ത്രി എന്തുകൊണ്ട് പ്രതികരിക്കുന്നില്ലെന്ന് കോൺഗ്രസ് നേതാവ് കെ. മുരളീധരൻ. പൂരം കലക്കിയതിന്‍റെ അന്വേഷണം, കോഴിയെ കാണാതായത് അന്വേഷിക്കാന്‍ കുറുക്കനെ വച്ചത് പോലെയെന്നും മുരളീധരന്‍ പരിഹസിച്ചു.

സിപിഐഎം നിലപാട് അതിശയിപ്പിക്കുന്നതാണ്. സിപിഐഎം സംസ്ഥാന നേതൃത്വം വിമര്‍ശിക്കുന്നുണ്ട്, പക്ഷെ മുഖ്യമന്ത്രിയെ നേരില്‍ കാണുമ്പോള്‍ മിണ്ടുന്നില്ല. വി.ഡി. സതീശന്‍-എഡിജിപി ഗൂഢാലോചന എന്ന ആരോപണം ഞങ്ങള്‍ വിശ്വാസത്തില്‍ എടുക്കുന്നില്ല. ഡിജിപി പാവം മനുഷ്യനാണ്. അവരെ ബൊമ്മ പോലെ ഇരുത്തിയിരിക്കുന്നെന്നും ഇപ്പോള്‍ നടക്കുന്ന അന്വേഷണം പ്രഹസനമാണെന്നും മുരളീധരന്‍ കുറ്റപ്പെടുത്തി.

തലസ്ഥാനത്ത് നാല് ദിവസമായി തുടരുന്ന കുടിവെള്ള പ്രശ്‌നത്തൽ വാട്ടർ അതോറിറ്റിയെയും നഗരസഭയെയും മുരളീധരന്‍ വിമർശിച്ചു. വാട്ടര്‍ അതോറിറ്റിക്കും നഗരസഭയ്ക്കും വീഴ്ച പറ്റിയെന്നും തെറ്റ് ചെയ്ത ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി എടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

‘അഞ്ച് ദിവസം അനുഭവിച്ചത് ദുരിതം. പ്രാഥമിക ആവശ്യങ്ങള്‍ക്ക് പോലും വെള്ളം കിട്ടാത്ത അവസ്ഥ. മാസങ്ങള്‍ക്ക് മുമ്പ് റെയില്‍വേ വാട്ടര്‍ അതോറിറ്റിക്ക് പണം അടച്ചു. തിരഞ്ഞെടുപ്പ് പേര് പറഞ്ഞു അത് നീട്ടി കൊണ്ട് പോയതാണ്. സമരക്കാര്‍ക്ക് നേരെ പോലും വെള്ളം ചീറ്റാന്‍ ഇല്ലാത്ത അവസ്ഥയാണ്. അഞ്ച് ദിവസം കൊണ്ട് പൂര്‍ത്തിയാക്കിയ ഉദ്യോഗസ്ഥരെ മന്ത്രി റോഷി അഗസ്റ്റിന്‍ അഭിനന്ദിക്കുകയാണ് ചെയ്തത്. ഇതുവരെ ഇങ്ങനെ ഒരു സാഹചര്യം ഇവിടെ ഉണ്ടായിട്ടില്ലെന്നും മുരളീധരന്‍ പറഞ്ഞു.