കാണാതായ വരൻ കോയമ്പത്തൂരില്‍? അവസാന ടവര്‍ ലൊക്കേഷന്‍ പുതുശേരിക്ക് സമീപം

Jaihind Webdesk
Monday, September 9, 2024

 

മലപ്പുറം: പള്ളിപ്പുറത്ത് വിഷ്ണുജിത്ത് എന്ന യുവാവിനെ കാണാതായ സംഭവത്തിൽ പ്രത്യേക സംഘം അന്വേഷണം ആരംഭിച്ചു. വിഷ്ണുജിത്ത് കോയമ്പത്തൂരിലെത്തി എന്ന നിഗമനത്തിലാണ് പോലീസ്. ഇതനുസരിച്ച് കോയമ്പത്തൂര്‍ കേന്ദ്രീകരിച്ച് പ്രത്യേക സംഘം അന്വേഷണം ആരംഭിച്ചു. മലപ്പുറം ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പത്തംഗ സംഘമാണ് കേസ് അന്വേഷിക്കുന്നത്.

പള്ളിപ്പുറം സ്വദേശി വിഷ്ണുജിത്തിനെ സെപ്റ്റംബര്‍ നാലിനാണ് കാണാതായത്. അന്നേ ദിവസം രാത്രി 8.10 ന് വിഷ്ണുജിത്തിന്‍റെ മൊബൈല്‍ ഫോണ്‍ ഓഫായെന്ന് അന്വേഷണ സംഘം കണ്ടെത്തി. പാലക്കാട് കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡില്‍ വിഷ്ണുജിത്ത് എത്തിയതിന്‍റെ സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചിട്ടുണ്ട്.

കാണാതായ ദിവസം വൈകീട്ട് 7.45 നാണ് വിഷ്ണുജിത്ത് പാലക്കാട് കെഎസ്ആര്‍ടിസി സ്റ്റാന്‍ഡില്‍ എത്തിയത്. തുടര്‍ന്ന് കോയമ്പത്തൂര്‍ ഭാഗത്തേയ്ക്കുള്ള ബസില്‍ കയറി. വിഷ്ണുജിത്തിന്‍റെ അവസാന ടവര്‍ ലൊക്കേഷന്‍ വാളയാര്‍ ഹൈവേയില്‍ പുതുശേരിക്ക് സമീപമാണ്.

‘‘ബുധനാഴ്ചയാണ് വിഷ്ണു വീട്ടിൽനിന്ന് പോയത്. സാമ്പത്തിക ബുദ്ധിമുട്ടുകളുള്ളതായി പറഞ്ഞിട്ടില്ല. സുഹൃത്തുക്കളെ വിളിച്ച് ആർക്കോ പണം കൊടുക്കാനുണ്ടെന്ന് പറഞ്ഞിരുന്നു. ഇക്കാര്യം വീട്ടിൽ പറഞ്ഞില്ല. സുഹൃത്തുക്കളിൽനിന്നാണ് ഈ വിവരം ലഭിച്ചത്’’–കുടുംബം മാധ്യമങ്ങളോട് പറഞ്ഞു.