തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ഓഫീസ് മാഫിയാ തലവൻമാരുടെ സങ്കേതമായി മാറിയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. മാഫിയയുടെ സംരക്ഷകനാണ് പിണറായിയെന്നും സതീശൻ വിമർശിച്ചു. സ്വർണ്ണ കടത്തുകാരും സ്വർണ്ണം പൊട്ടിക്കൽ സംഘവുമാണ് സെക്രട്ടറിയേറ്റ് നോർത്ത് ബ്ലോക്കിൽ ഉള്ളതെന്ന് കുറ്റപ്പെടുത്തിയ സതീശൻ ഇവർ ഇനിയും തുടർന്നാൽ സെക്രട്ടറിയേറ്റിന് ടയർ ഘടിപ്പിച്ച് കൊണ്ടുപോകുമെന്നും വിമർശിച്ചു.
മുഖ്യമന്ത്രി പിണറായി വിജയൻ ഇനി അറിയപ്പെടാൻ പോകുന്നത് പൂരംകലക്കി വിജയൻ എന്നാണെന്നും പ്രതിപക്ഷ നേതാവ് രൂക്ഷഭാഷയിൽ കുറ്റപ്പെടുത്തി. ഒന്നാം പിണറായി സർക്കാരിനെതിരായ ആരോപണം സ്വർണകള്ളക്കടത്തായിരുന്നു. കേന്ദ്ര ഏജൻസികളുടെ പിന്തുണയോടെ പിണറായി അടക്കമുള്ളവർ അന്ന് രക്ഷപ്പെട്ടു. കഴിഞ്ഞ തിരഞ്ഞെടുപ്പിന് മുമ്പ് ഇവർ ബിജെപിയുമായും കേന്ദ്രവുമായും അവിഹിതമായ ബാന്ധവം ഉണ്ടാക്കി.
നിലവിൽ ആരോപണമുന്നയിച്ചത് ഭരണകക്ഷി എംഎൽഎ ആണ്. പോലീസിനെ നിയന്ത്രിക്കുന്നത് മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉപജാപക സംഘമാണെന്ന് പ്രതിപക്ഷം രണ്ട് വർഷം മുമ്പ് പറഞ്ഞതാണ്. അത് തന്നെയാണ് അൻവർ എംഎൽഎ പറഞ്ഞത്. ഇഎംഎസിന്‍റെ കാലം മുതൽ ഏതെങ്കിലും ഭരണകക്ഷി എംഎൽഎ സർക്കാരിന് നേരെ വിരൽ ചൂണ്ടിയിട്ടുണ്ടെങ്കിൽ അതിന് അധികാരത്തിലിരിക്കുന്നവർ നടപടിയെടുത്തിട്ടുണ്ട്. എന്നാൽ എഡിജിപി അജിത് കുമാറിനെയും പൊളിറ്റിക്കൽ സെക്രട്ടറി പി.ശശിയെയും മാറ്റി നിർത്താനുള്ള ധൈര്യം പിണറായി വിജയനില്ലെന്നും പ്രതിപക്ഷ നേതാവ് ചൂണ്ടികാട്ടി.
സെക്രട്ടേറിയറ്റിന് പിന്നില്‍ യൂത്ത് കോണ്‍ഗ്രസുകാരെ ക്രൂരമായി തല്ലി. അവിടെ ഇരിക്കുന്നവന്‍മാരെ സംരക്ഷിക്കാന്‍ ഇട്ടിരിക്കുന്ന കാക്കിയുടെ വില അറിയാതെ ഏതെങ്കിലും ഉദ്യോഗസ്ഥര്‍ അമതാധികാരം പ്രയോഗിച്ചാല്‍ ഒറ്റ ഒരാളെയും വെറുതെ വിടില്ലെന്നും വി.ഡി.സതീശന്‍ പറഞ്ഞു. ഇപ്പോള്‍ ഉയര്‍ന്നിരിക്കുന്ന ആരോപണങ്ങളില്‍ സര്‍ക്കാര്‍ നടപടി സ്വീകരിച്ചില്ലെങ്കില്‍ ഇതിനേക്കാള്‍ വലിയ സമരമുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.