തിരുവനന്തപുരം: കരിമണല്‍ കമ്പനിയുമായുള്ള സാമ്പത്തിക ഇടപാടില്‍ വീണ്ടും കോടതിയെ സമീപിച്ച് മുഖ്യമന്ത്രിയുടെ മകളും എക്‌സാലോജിക് ഡയറക്ടറുമായി വീണ ടി. അന്വേഷണം പൂര്‍ത്തിയാകാന്‍ ദിവസങ്ങള്‍ മാത്രം ശേഷിക്കെ എന്തിനാണ് വീണ കോടതിയെ സമീപിച്ചത് എന്ന ചോദ്യം ഉയരുന്നുണ്ട്. അതെ സമയം എസ്എഫ്‌ഐഒ അന്വേഷണം തുടങ്ങി 7 മാസം പിന്നിട്ടിട്ടും വീണയില്‍ നിന്നും മൊഴിയും തെളിവും ശേഖരിച്ചിട്ടില്ല. അന്വേഷണസംഘത്തിന്റെ ഉദാസീനത ഒത്തുകളിയുടെ ഭാഗമായാണോ എന്നും പ്രതിപക്ഷം സംശയിക്കുന്നുണ്ട്.
നേരത്ത എസ്എഫ്‌ഐഒ അന്വേഷണത്തിനെതിരെ വീണ കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ കര്‍ണാടക ഹൈക്കോടതിയില്‍ വീണ സമര്‍പ്പിച്ച ഹര്‍ജി തള്ളിയിരുന്നു. ഇതിനെതിരെയാണ് അപ്പീല്‍ നല്‍കിയിരിക്കുന്നത്. വൈകാതെ തന്നെ അപ്പീല്‍ കോടതി പരിഗണിക്കും. മടിയില്‍ കനമില്ല എന്ന് പറഞ്ഞ മുഖ്യമന്ത്രിയുടെ മകള്‍ അന്വേഷണത്തെ ഭയപ്പെടുന്നത് എന്തിനെന്ന ചോദ്യമാണ് പ്രധാനമായും ഉയരുന്നത്. എസ്എഫ്‌ഐഒ അന്വേഷണത്തിനു കേന്ദ്ര കോര്‍പറേറ്റ് മന്ത്രാലയം അനുവദിച്ചത് 8 മാസത്തെ കാലാവധിയായിരുന്നു. പ്രസ്തുത സമയപരിധി ഈ മാസം 30 ന് അവസാനിക്കുകയാണ്. അതെ സമയം സിഎംആര്‍എല്‍ ഡല്‍ഹി ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ നവംബര്‍ 12നാണു വിധി. അതുവരെ അന്വേഷണ റിപ്പോര്‍ട്ട് നല്‍കരുതെന്നു ഡല്‍ഹി ഹൈക്കോടതി എസ്എഫ്‌ഐഒയോടു നിര്‍ദേശിച്ചിരുന്നു. സിഎംആര്‍എല്‍ കോടതിയെ സമീപിച്ചതുവഴി ഒന്നരമാസത്തെ സാവകാശം കിട്ടിയിരുന്നു. ഇതിന് പുറമേയാണ് വീണയുടെ അപ്പീലും കോടതിയിലെത്തിയത്.
എസ്എഫ്‌ഐഒ അന്വേഷണത്തിന്റെ അടുത്തപടി മൊഴിയും, തെളിവും ശേഖരിക്കലാണ്. സിഎംആര്‍എലിലും കെഎസ്‌ഐഡിസിയിലും തെളിവെടുപ്പു പൂര്‍ത്തിയാക്കിയ എസ്എഫ്‌ഐഒ എക്‌സാലോജിക് സൊലൂഷന്‍സിന്റെ ഏക ഡയറക്ടറും, മുഖ്യമന്ത്രി പിണറായി വിജയന്റെ മകളുമായ വീണയില്‍നിന്നു മൊഴിയും തെളിവും ഇതുവരെയും ശേഖരിച്ചിട്ടില്ല. അന്വേഷണം തുടങ്ങി 7 മാസം പിന്നിട്ടിട്ടും അന്വേഷണസംഘത്തിന്റെ അനങ്ങാപ്പാറ നയം ഒത്തുകളിയുടെ ഭാഗമായാണോ എന്നും പ്രതിപക്ഷം സംശയിക്കുന്നുണ്ട്. ലോക്‌സഭാ തിരഞ്ഞെടുപ്പും കോടതി വ്യവഹാരവുമാണു മൊഴിയെടുക്കാന്‍ വൈകുന്നതിന് കാരണമായി വിശദീകരിക്കുന്നത്.
സിഎംആര്‍എലുമായി എക്‌സാലോജിക് ഉള്‍പ്പെടെയുള്ള കമ്പനികള്‍ നടത്തിയ സാമ്പത്തിക ഇടപാടില്‍ കള്ളപ്പണം വെളുപ്പിക്കല്‍ നടന്നിട്ടുണ്ടോയെന്ന് ഇഡിയും അന്വേഷിക്കുന്നുണ്ട്. ഇ.ഡി കൂടി രംഗത്തുവന്നതോടെയാണു കേന്ദ്ര ഏജന്‍സികളുടെ അന്വേഷണത്തിനെതിരെ സിഎംആര്‍എല്‍ ഡല്‍ഹി ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്. എത്ര ഏജന്‍സികള്‍ അന്വേിഷിച്ചിട്ടും അന്വേഷണം എങ്ങുമെത്തുന്നില്ല എന്നതാണ് യാഥാര്‍ത്ഥ്യം