ഹരിയാന ബിജെപിയില്‍ പൊട്ടിത്തെറി; സീറ്റ് നിഷേധത്തിന് പിന്നാലെ ബിജെപി എംഎല്‍എ പാര്‍ട്ടിവിട്ടു

Jaihind Webdesk
Thursday, September 5, 2024

 

ചണ്ഡിഗഡ്: നിയമസഭാ തിരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ശേഷിക്കവെ ഹരിയാന ബിജെപിയില്‍ പൊട്ടിത്തെറി. സീറ്റ് നിഷേധിച്ചതിന്‍റെ പേരില്‍ ബിജെപി എംഎല്‍എ പാര്‍ട്ടി വിട്ടു. ബിജെപി പുറത്തുവിട്ട 67 അംഗ ആദ്യ സ്ഥാനാര്‍ഥി പട്ടികയില്‍ മുഖ്യമന്ത്രി നയാബ് സിംഗ് സെയ്നി ഉള്‍പ്പെടെ നിലവിലെ മന്ത്രിസഭയിലെ ഭൂരിഭാഗം പേരും ഇടംപിടിച്ചു. അതേസമയം രണ്ടു മന്ത്രിമാരും എട്ട് സിറ്റിംഗ് എംഎല്‍എമാരും പട്ടികയില്‍ ഇടം പിടിച്ചിട്ടില്ല. മുഖ്യമന്ത്രി നയാബ് സിംഗ് സെയ്‌നി ലാഡ്വ മണ്ഡലത്തില്‍ നിന്നായിരിക്കും മത്സരിക്കുക. ജനനായക് ജനതാ പാര്‍ട്ടിയില്‍ (ജെജെപി) നിന്ന് രാജിവച്ച് ബിജെപിയില്‍ ചേര്‍ന്ന മൂന്ന് മുന്‍ എംഎല്‍എമാരും പട്ടികയില്‍ ഇടം പിടിച്ചിട്ടുണ്ട്.

എന്നാല്‍ പ്രാദേശിക നേതാക്കള്‍ക്ക് പ്രാതിനിധ്യം നല്‍കാത്തത് പാര്‍ട്ടിക്കുള്ളില്‍ വലിയ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്. അതിന്‍റെ ഭാഗമായാണ് എംഎല്‍എ പാര്‍ട്ടിവിട്ടത്. ഇനിയും കൂടുതല്‍ നേതാക്കള്‍ പാര്‍ട്ടി വിടുമെന്ന് ഭീഷണി ഉയര്‍ത്തിയിട്ടുമുണ്ട്.

ഹരിയാനയില്‍ ബിജെപിക്ക് യാതൊരു പ്രതീക്ഷയുമില്ല എന്നത് പാര്‍ട്ടി നേതാക്കളുടെ വാക്കുകളില്‍ നിന്നും വ്യക്തമാണ്. പുറത്തുവന്ന സര്‍വ്വേകളിലെല്ലാം തന്നെ കോണ്‍ഗ്രസിനും ഇന്ത്യാസഖ്യത്തിനും മികച്ച മുന്‍തൂക്കം പ്രഖ്യാപിക്കുകയും ചെയ്യുന്നുണ്ട്. ഭരണവിരുദ്ധവികാരവും, ബിജെപിക്കുള്ളിലെ പടലപ്പിണക്കങ്ങളും പാര്‍ട്ടിയെ വല്ലാതെ വലയ്ക്കുന്നുണ്ട്. ഒക്ടോബര്‍ 5ന് ഒറ്റ ഘട്ടമായാണ് ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുക.