‘ഓണസമ്മാന’വുമായി സപ്ലൈകോ; സബ്‌സിഡി ഉല്‍പന്നങ്ങളുടെ വിലകൂട്ടി

Jaihind Webdesk
Thursday, September 5, 2024

 

തിരുവനന്തപുരം: ഓണം എത്തും മുമ്പ് സമ്മാനവുമായി എത്തിയിരിക്കുകയാണ് സപ്ലൈകോ. ഓണച്ചന്തകള്‍ ഇന്ന് ആരംഭിക്കാനിരിക്കെ സബ്‌സിഡി സാധനങ്ങളായ കുറുവ അരിക്കും തുവരപ്പരിപ്പിനും വില കൂട്ടി. രണ്ട് മുതല്‍ ആറ് രൂപ വരെയാണ് വില കൂട്ടിയിരിക്കുന്നത്.

അതേസമയം, സംസ്ഥാന വ്യാപകമായി ഓണം ഫെയറുകള്‍ ഇന്ന് ആരംഭിക്കുകയാണ്. ഇതിനിടെയുള്ള സപ്ലൈകോയുടെ വില വര്‍ധന ആളുകളെ കൊള്ളയടിക്കുന്നതിന്‍റെ ഭാഗമാണ്. സബ്സിഡി സാധനങ്ങളായ കുറുവ അരിയ്ക്ക് 30 രൂപയായിരുന്നു കിലോയ്ക്ക് വില. എന്നാല്‍ ഇപ്പോള്‍ മൂന്ന് രൂപ വര്‍ധിപ്പിച്ചിരിക്കുകയാണ്. ഇനി മുതല്‍ 33 രൂപയാണ് ഒരു കിലോ കുറുവ അരിയ്ക്ക് നല്‍കേണ്ടിവരുക. തുവരപരിപ്പിന്റെ വില 111 രൂപയില്‍നിന്ന് 115 രൂപയാക്കി. സമാന രീതിയില്‍ മുഴുവന്‍ സാധനങ്ങള്‍ക്കും വില കൂടിയിട്ടുണ്ട്. 13 ഇനം സബ്‌സിഡി സാധനങ്ങളിലെ നാലിനം അരിയില്‍ ‘ജയ’യ്ക്കു മാത്രമാണു വില വര്‍ധിപ്പിക്കാത്തത്.

സപ്ലൈകോയില്‍ കടുത്ത സാമ്പത്തിക പ്രതിസന്ധിയാണ് അനുഭവപ്പെടുന്നത്. ഇതേ തുടര്‍ന്ന് നേരത്തെ തന്നെ സാധനങ്ങളുടെ വില വര്‍ദ്ധിപ്പിക്കാന്‍ നീക്കം നടത്തിയിരുന്നു. എന്നാല്‍ പ്രതിഷേധം കണക്കിലെടുത്ത് ഈ ശ്രമം ഉപേക്ഷിക്കുകയായിരുന്നു. അതേസമയം, കേരളീയരുടെ ഓണാഘോഷങ്ങള്‍ക്ക് നാളെ മുതലാണ് തുടക്കം ആകുക.

പൊതുവിപണിയില്‍ നിത്യോപയോഗ സാധനങ്ങളുടെ വില വളരെ കൂടുതലായതു കൊണ്ടുതന്നെ സപ്ലൈകോയില്‍ നിന്നും സബ്സിഡി നിരക്കില്‍ ലഭിക്കുന്ന സാധനങ്ങളാണ് സാധാരണക്കാരുടെ ആശ്രയം. എന്നാല്‍ അതിനും ഇപ്പോള്‍ വില കൂട്ടി സാധാരണക്കാരെ ബുദ്ധിമുട്ടിലാക്കുകയാണ് സംസ്ഥാന സര്‍ക്കാര്‍.