രാഹുല്‍ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തി ഗുസ്തി താരം വിനേഷ് ഫോഗട്ടും ബജ്രംഗ് പൂനിയയും

Jaihind Webdesk
Wednesday, September 4, 2024

 

ന്യൂഡല്‍ഹി: ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തി ഗുസ്തി താരം വിനേഷ് ഫോഗട്ട്. ബജ്രംഗ് പൂനിയയും വിനേഷിനൊപ്പം ഉണ്ടായിരുന്നു. ഗുസ്തിതാരങ്ങള്‍ സമരം നടത്തിയവേളയില്‍ താരങ്ങള്‍ക്ക് പൂര്‍ണ പിന്തുണയുമായി രാഹുല്‍ ഗാന്ധിയും പ്രിയങ്കാ ഗാന്ധിയും രംഗത്തെത്തിയിരുന്നു.

കഴിഞ്ഞ ദിവസം കര്‍ഷക സമരവേദിയിലെത്തി കേന്ദ്രസര്‍ക്കാരിനെതിരെ വിനേഷ് ഫോഗട്ട് രൂക്ഷവിമര്‍ശനം ഉന്നയിച്ചിരുന്നു. പഞ്ചാബ്-ഹരിയാന അതിര്‍ത്തിയായ ശംഭുവിലെ കര്‍ഷകരുടെ സമരപന്തലിലാണ് വിനേഷ് എത്തിയത്. കര്‍ഷകന്‍റെ മകളായ താന്‍ എന്നും കര്‍ഷക പ്രതിഷേധങ്ങള്‍ക്കൊപ്പം നില്‍ക്കുമെന്ന് വിനേഷ് പ്രഖ്യാപിച്ചിരുന്നു.

കര്‍ഷകരാണ് രാജ്യത്തിന്‍റെ ശക്തി. അവരില്ലാതെ ഒന്നും നടക്കില്ല. അവര്‍ ഊട്ടിയില്ലെങ്കില്‍ ജീവിക്കാന്‍ കഴിയില്ലെന്ന് എല്ലാവരും മനസിലാക്കണം. കര്‍ഷകരെ കേള്‍ക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണം. കര്‍ഷകര്‍ ഇപ്രകാരം തെരുവില്‍ ഇരുന്നാല്‍ രാജ്യത്തിന് പുരോഗതിയുണ്ടാകില്ലെന്നും വിനേഷ് ഫോഗട്ട് പറഞ്ഞു.