പിണറായി – ആര്‍എസ്എസ് ബന്ധത്തിന്‍റെ ഇടനിലക്കാരന്‍ എഡിജിപി എം.ആര്‍. അജിത്കുമാര്‍; ഗുരുതര ആരോപണവുമായി പ്രതിപക്ഷനേതാവ്‌

Jaihind Webdesk
Wednesday, September 4, 2024

 

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ ഗുരുതര ആരോപണവുമായി പ്രതിപക്ഷനേതാവ് വി.ഡി. സതീശന്‍. ആര്‍എസ്എസ് ജനറല്‍ സെക്രട്ടറിയെ കാണാന്‍ മുഖ്യമന്ത്രി അജിത് കുമാറിനെ പറഞ്ഞയച്ചെന്നും ഇരുവരും തമ്മില്‍ ഒരു മണിക്കൂറോളം സംസാരിച്ചുവെന്നും വി.ഡി. സതീശന്‍ പറഞ്ഞു. തൃശൂര്‍പൂരം കലക്കിയത് മുഖ്യമന്ത്രിയുടെ അറിവോടെയെന്നും വി.ഡി. സതീശന്‍ തുറന്നടിച്ചു. കമ്മിഷണര്‍ അഴിഞ്ഞാടുമ്പോള്‍ എഡിജിപി ഇടപെട്ടില്ല. തൃശൂര്‍ പൂരം കലക്കാന്‍ എഡിജിപി മുഖ്യമന്ത്രിയുടെ അറിവോടെ ഇടപെട്ടുവെന്നും പ്രതിപക്ഷനേതാവ് പറഞ്ഞു.

ആര്‍എസ്എസ് ബന്ധം ഉള്ളത് കൊണ്ടാണ് എഡിജിപിയെ മുഖ്യമന്ത്രി സംരക്ഷിക്കുന്നത്. എഡിജിപിക്കെതിരെ നടപടിയെടുക്കാന്‍ മുഖ്യമന്ത്രിക്ക് പേടിയാണ്. ഹയാത്തില്‍ നിന്ന് സ്വകാര്യ വാഹനത്തിലാണ് എഡിജിപി എം.ആര്‍ അജിത്കുമാര്‍ ആര്‍എസ്എസ് നേതാവിനെ കണ്ടത്. തിരുവനന്തപുരം ജില്ലയിലെ ആര്‍എസ്എസ് നേതാവ് ഇടനിലക്കാരനായി. ഊരി പിടിച്ച വാളിന്‍റെ ഇടയില്‍ കൂടെ നടന്ന മുഖ്യമന്ത്രി എന്തിന് കീഴ് ഉദ്യോഗസ്ഥരെ ഭയക്കുന്നുവെന്നും കേസ് സിബിഐ അന്വേഷിക്കണമെന്നും വി.ഡി. സതീശന്‍ ആവശ്യപ്പെട്ടു.