തിരഞ്ഞെടുപ്പ് പ്രചാരണത്തിന് രാഹുല്‍ ഗാന്ധി ഇന്ന് ജമ്മുകശ്മീരില്‍; രണ്ട് റാലികളില്‍ പങ്കെടുക്കും.

Jaihind Webdesk
Wednesday, September 4, 2024

ഡല്‍ഹി: ഹരിയാനയും ജമ്മുകാശ്മീരും നിയസഭ തിരഞ്ഞെടുപ്പിലേക്ക് നീങ്ങുകയാണ്. ജമ്മുകാശ്മീരിലെ കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇന്ന് തുടക്കമാകും. തെരഞ്ഞെടുപ്പ് പ്രചാരണത്തിന് രാഹുല്‍ ഗാന്ധി ഇന്ന് ജമ്മു കശ്മീരില്‍ എത്തും. രണ്ട് പൊതുറാലികളില്‍ രാഹുല്‍ പങ്കെടുക്കും.

ജമ്മുകശ്മീരിലെത്തുന്ന രാഹുല്‍ ഗാന്ധി അനന്ത്നാഗിലെയും റംബാനിലെയും പൊതുറാലികളിലാണ് വോട്ടര്‍മാരെ അഭിസംബോധന ചെയുക. രാഹുല്‍ ഗാന്ധിക്ക് പുറമെ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, മുന്‍ അധ്യക്ഷ സോണിയ ഗാന്ധി, എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്കഗാന്ധി തുടങ്ങി പാര്‍ട്ടിയുടെ പ്രധാന നേതാക്കളെല്ലാം പ്രചാരണത്തിനെത്തും. താരപ്രചാരകരായി 40 പേരാണ് കോണ്‍ഗ്രസ് പട്ടികയിലുള്ളത്

ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയ ശേഷം ആദ്യമായാണ് ജമ്മു കശ്മീരില്‍ നിയമസഭ തിരഞ്ഞെടുപ്പ് നടക്കുന്നത്. പത്ത് വര്‍ഷത്തിനു ശേഷമുള്ള നിയമസഭാ തെരഞ്ഞെടുപ്പെന്ന പ്രത്യേകതയുമുണ്ട്. നാഷണല്‍ കോണ്‍ഫറന്‍സുമായി സഖ്യമുണ്ടാക്കിയാണ് കോണ്‍ഗ്രസ് മത്സരിക്കുന്നത്. സെപ്റ്റംബര്‍ 18 നാണ് കാശ്മീരില്‍ ആദ്യഘട്ട വോട്ടെടുപ്പ്.