തിരുവനന്തപുരം : മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി ശശിക്കും, ആഭ്യന്തരവകുപ്പിനും, എഡിജിപി എംആര്‍ അജിത്കുമാറിനുമെതിരെ പി.വി അന്‍വര്‍ ആരംഭിച്ച യുദ്ധത്തിന് പര്യവസാനമാകുന്നു. മുഖ്യമന്ത്രി പിണറായി വിജയനുമായുള്ള കൂടിക്കാഴ്ചക്ക് ശേഷമാണ് അന്‍വറിന്റെ നിലപാട്മാറ്റം. മുഖ്യമന്ത്രിയെ നേരില്‍ കാണുമെന്നും, പരാതി നല്‍കുമെന്നും ഇന്നലെ അന്‍വര്‍ പറഞ്ഞിരുന്നു. ഇന്ന് മുഖ്യമന്ത്രിയെ കണ്ടു വിശദമായി കാര്യങ്ങള്‍ സംസാരിച്ചുവെന്നും, താന്‍ ഉന്നയിച്ച വിഷയങ്ങള്‍ മുഖ്യമന്ത്രിക്ക് എഴുതി നല്‍കിയിട്ടുണ്ടെന്നും അന്‍വര്‍ മാധ്യമങ്ങളോട് പറഞ്ഞു. പരാതി പാര്‍ട്ടി സെക്രട്ടറി എംവി ഗോവിന്ദനും നല്‍കുമെന്നും അന്‍വര്‍ വ്യക്തമാക്കി.
‘മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍ എല്ലാ കാര്യങ്ങളും എത്തിച്ചു. സത്യസന്ധമായ അന്വേഷണം നടക്കും. പാര്‍ട്ടി സെക്രട്ടറിക്കും ഇതേ പരാതി നല്‍കും. എന്റെ ഉത്തരവാദിത്തം അവസാനിക്കുന്നു. അന്വേഷണ ഏജന്‍സികളുമായി സഹകരിക്കുക എന്നതാണ് ഇനി. അജിത് കുമാറിനെ മാറ്റുക എന്റെ ഉത്തരവാദിത്തം അല്ല. ആരെ മാറ്റണം എന്നു മുഖ്യമന്ത്രി തീരുമാനിക്കട്ടെ’ എന്നും അന്‍വര്‍ കൂട്ടിച്ചേര്‍ത്തു. അതെ സമയം മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി ശശിക്കെതിരെ അന്‍വര്‍ ഇന്ന് മൗനം അവലംബിക്കുകയും ചെയ്തു.
എഡിജിപി എംആര്‍ അജിത്കുമാറിനെതിരെയുള്ള വെളിപ്പെടുത്തലുകള്‍ക്ക് ശേഷമാണ് മുഖ്യമന്ത്രി പിണറായി വിജയനുമായി അന്‍വര്‍ കൂടിക്കാഴ്ച്ച നടത്തിയത്. സെക്രട്ടേറിയറ്റിലെ നോര്‍ത്ത് ബ്ലോക്കിലായിരുന്നു കൂടിക്കാഴ്ച്ച. അന്‍വര്‍ ഉന്നയിച്ച ആരോപണങ്ങള്‍ സിപിഎമ്മിനെയും ഭരണകൂടത്തെയും ഒരുപോലെ മുള്‍മുനയിലാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ന് മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയത്. ഈ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് അന്‍വറിന്റെ നിലപാടില്‍ മാറ്റം വരുന്നതും.