തിരുവനന്തപുരം: ഭരണകക്ഷി എംഎല്‍എയായ പി.വി. അന്‍വര്‍ എഡിജിപി എം.ആര്. അജിത് കുമാറിനെതിരെ ഉയര്‍ത്തിയ ആരോപണങ്ങള്‍ ഗൗരവതരമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ എംപി. എഡിജിപി അടക്കമുള്ളവരെ സര്‍ക്കാര്‍ എന്തിനാണ് സംരക്ഷിക്കുന്നതെന്ന് കെ.സി ചോദിച്ചു. മന്ത്രിമാരുടെയും എംഎല്‍എമാരുടെയും ഫോണ്‍ ചോര്‍ത്തല്‍ രാഷ്ട്രീയ അനുമതിയില്ലാതെ നടക്കില്ല. ഈ ആരോപണങ്ങളെല്ലാം വിരല്‍ ചൂണ്ടുന്നത് മുഖ്യമന്ത്രിയുടെ നേര്‍ക്കാണ്. ആഭ്യന്തരവകുപ്പ് തികഞ്ഞ പരാജയമാണെന്നും കെ.സി പറഞ്ഞു.
സോളാര്‍ കേസില്‍ കെ.സി. വേണുഗോപാല്‍ അടക്കമുള്ളവരെ രക്ഷപെടുത്താന്‍ അജിത് കുമാര്‍ അട്ടിമറി നടത്തിയെന്ന ആരോപണത്തോടും അദ്ദേഹം പ്രതികരിച്ചു. ഈ കേസ് പോലീസും സിബിഐയും അന്വേഷിച്ചതാണ്. ഇനി സര്‍ക്കാരിന്റെ കൈയില്‍ എന്തെങ്കിലും വിവരമുണ്ടെങ്കില്‍ പറയട്ടെ. തനിക്ക് യാതൊരു ഭയവുമില്ലെന്നും വേണുഗോപാല്‍ കൂട്ടിച്ചേര്‍ത്തു.