തിരുവനന്തപുരം: മുഖ്യമന്ത്രി ഭരിക്കുന്ന ആഭ്യന്തരവകുപ്പിന് മേല്‍ ആരോപണശരങ്ങള്‍ എയ്ത പി വി അന്‍വര്‍ എംഎല്‍എക്ക് പിന്നാലെ കെ.ടി ജലീലും നിര്‍ണായക നീക്കവുമായി രംഗത്തുവരികയാണ്. ഇനി തിരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്നാണ് തവനൂര്‍ എംഎല്‍എ കെടി ജലീല്‍ പ്രഖ്യാപിച്ചിരിക്കുന്നത്. അവസാന ശ്വാസം വരെ സിപിഎം സഹയാത്രികനായി തുടരുമെന്നും ഫെയ്സ്ബുക്ക് പോസ്റ്റില്‍ ജലീല്‍ വ്യക്തമാക്കുന്നു. സിപിഎം നല്‍കിയ പിന്തുണയും അംഗീകാരവും മരിച്ചാലും മറക്കില്ലെന്നും ജലീല്‍ കുറിച്ചിട്ടുണ്ട്. ഇനി ഉദ്യോഗസ്ഥരിലെ കള്ളനാണയങ്ങളെ തുറന്നുകാട്ടാനുള്ള ശ്രമങ്ങളുമായി മുന്നോട്ടു പോകുമെന്നാണ് ഇടത് എംഎല്‍എയുടെ പ്രഖ്യാപനം. ചുരുക്കത്തില്‍ പി.വി അന്‍വര്‍ എംഎല്‍എക്ക് പിന്നാലെ കെടി ജലീലും സഞ്ചരിക്കാനൊരുങ്ങുന്നു എന്ന് സാരം.
മലപ്പുറം ജില്ലയില്‍ നിന്നുള്ള രണ്ടാമത്തെ ഇടത് എംഎല്‍എയാണ് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ പോരാട്ടം പ്രഖ്യാപിച്ചിരിക്കുന്നത്. ആദ്യം പി വി അന്‍വറും, പിന്നാലെ കെ ടി ജലീലും. ഇവിടെ പ്രതിക്കൂട്ടിലാകുന്നത് ഭരിക്കുന്ന ഇടത് മുന്നണിയാണ്. മുന്നണിയിലെ എംഎല്‍എമാര്‍ക്ക് ഉദ്യോഗസ്ഥരില്‍ ഒരു സ്വാധീനവുമില്ലേ എന്ന ചോദ്യമാണ് ഉയരുന്നത്. ഒപ്പം ഇടത് സഹയാത്രികര്‍ സിപിഎമ്മിനെ കൈവിടുന്നോ എന്ന ചോദ്യവും പ്രസക്തമാകുന്നുണ്ട്. സിപിഎമ്മിന് വലിയ സ്വാധീനമില്ലാതിരുന്ന മലപ്പുറം ജില്ലയില്‍ പല മണ്ഡലങ്ങളും ചുവന്നത് ഇടത് സഹയാത്രികരിലൂടെയായിരുന്നു. കെടി ജലീല്‍, പിവി അന്‍വര്‍, വി അബ്ദുറഹ്‌മാന്‍, കാരാട്ട് റസാഖ് എന്നിവരായിരുന്നു ഈ സഹയാത്രികരില്‍ പ്രമുഖര്‍. ഇതില്‍ മന്ത്രിയായ അബ്ദുറഹ്‌മാന്‍ സിപിഎമ്മില്‍ അംഗത്വമെടുത്തിട്ടുണ്ട്. മറ്റുള്ളവരെല്ലാം ഇപ്പോഴും ഇടത് സഹയാത്രികരായി തന്നെ മുന്നോട്ടു പോവുകയാണ്.
മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി ശശിക്കെതിരെ പി വി അന്‍വര്‍ ആരോപണം ഉന്നയിച്ചതിന് പിന്നാലെ കാരാട്ട് റസാഖും രംഗത്തെത്തിയിരുന്നു. ക്രമസമാധാന ചുമതലയുള്ള എഡിജിപി എംആര്‍ അജിത്ത് കുമാറിന് സ്വര്‍ണക്കടത്ത് അടക്കമുള്ള നിയമവിരുദ്ധമായ പ്രവര്‍ത്തനങ്ങള്‍ക്ക് പി ശശി സഹായം നല്‍കിയെന്ന് ആരോപണം അതീവ ഗുരുതരമാണ്. ശശിക്കെതിരായ ആരോപണമായി ഉന്നയിക്കുന്നതെങ്കിലും പ്രതികൂട്ടിലാകുന്നത് മുഖ്യമന്ത്രിയുടെ ഓഫീസാണ്. പ്രതിപക്ഷം അത് ക്യത്യമായി ഉന്നയിക്കുകയും ചെയ്തു. മുഖ്യമന്ത്രി രാജിവെക്കണം എന്ന ആവശ്യമാണ് പ്രധാനമായും പ്രതിപക്ഷം മുന്നോട്ടുവെക്കുന്നത്.
മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി ശശിയേയും എഡിജിപിയേയും ആരോപണ നിഴലിലാക്കുക മാത്രമാണോ ഈ ഇടത് സഹയാത്രികരുടെ പടനീക്കം എന്ന കാര്യത്തില്‍ പാര്‍ട്ടിക്ക് തന്നെ സംശയമുണ്ട്. കാരണം മുന്നണിക്കുള്ളിലെ ആരും ഉന്നയിക്കാന്‍ ധൈര്യപ്പെടാത്ത ആരോപണങ്ങളാണ് പി വി അന്‍വര്‍ ഉന്നയിച്ചത്. ഒന്നുറപ്പാണ്, ഇടത് സഹയാത്രികര്‍ സിപിഎമ്മിനെ കൈവിടുന്നു, ഒപ്പം സിപിഎമ്മിന് മലപ്പുറത്ത് കാലിടറുകയും ചെയ്യുന്നു.